ടീം ഇനത്തിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ ജോലി നൽകും: മന്ത്രി ഇ.പി. ജയരാജൻ

ടീം ഇനത്തിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ ജോലി നൽകും: മന്ത്രി ഇ.പി. ജയരാജൻ

കാസര്‍ഗോഡ്:  കേരളത്തിൽ നിന്ന് ദേശീയ, അന്തർദേശീയ തലത്തിൽ ടീം ഇനങ്ങളിൽ മെഡൽ നേടിയവർക്ക് കായിക വകുപ്പിൽ തന്നെ ജോലി നൽകുമെന്ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നീലേശ്വരം ഇഎംഎസ് സ്റ്റേഡിയം ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 2010 മുതൽ 14 വരെ ദേശീയ, അന്തർദേശീയ തലത്തിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയ മുഴുവൻ പേർക്കും ജോലി നൽകിയതായി മന്ത്രി പറഞ്ഞു. ഇനി 2014 മുതൽ 2019 വരെ ദേശീയ, അന്തർദേശീയ തലത്തിൽ വ്യക്തിഗത ഇനത്തിൽ മെഡൽ നേടിയവർക്ക് ഒരു വർഷം 50 പേർക്ക് വീതം ജോലി നൽകും. ഇതിന്റെ നടപടി പുരോഗമിക്കുന്നു.

കിഫ്‌ബിയിൽ നിന്ന് 1000 കോടി മുടക്കി എല്ലാ ജില്ലകളിലും അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
കിഫ്‌ബിയിൽ നിന്ന് 17.04 കോടി രൂപയുടെ അനുമതി ലഭിച്ച് കായിക വകുപ്പ് നിർമ്മിക്കുന്നതാണ് നീലേശ്വരം സ്റ്റേഡിയം. ഫിഫ മാനദണ്ഡ പ്രകാരമുള്ള ഫുട്ബോൾ കളിസ്ഥലം, 8 ലെയ്ൻ 400 മീറ്റർ സിന്തറ്റിക് അത്ലറ്റിക് ട്രാക്ക്, ഔട്ട്ഡോർ സിന്തറ്റിക് ബാസ്കറ്റ് ബോൾ കോർട്ട്, ഔട്ട്ഡോർ സിന്തറ്റിക് വോളിബോൾ കോർട്ട്, പവലിയൻ കെട്ടിടം, അമിനിറ്റി സെന്റർ, സ്വിമ്മിംഗ് പൂൾ, ചേഞ്ച്‌ റൂം എന്നീ സൗകര്യങ്ങളാണ് സ്റ്റേഡിയത്തിൽ സജ്ജമാക്കുന്നത്. ഇതിൽ ഒന്നാം ഘട്ടത്തിൽ പണി കഴിപ്പിച്ച ഫുട്ബോൾ കളിസ്ഥലം, സ്വിമ്മിംഗ് പൂൾ, ചേഞ്ച്‌ റൂം, പവലിയൻ കെട്ടിടം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. കായിക വകുപ്പിന്റെ മേൽനോട്ടത്തിൽ കിറ്റ്കോ ലിമിറ്റഡ് മുഖാന്തരമാണ് പദ്ധതി നിർവഹണം നടത്തുന്നത്.

Leave A Reply
error: Content is protected !!