ആഴക്കടൽ മത്സ്യബന്ധനം: കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകി; വി മുരളീധരൻ

ആഴക്കടൽ മത്സ്യബന്ധനം: കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകി; വി മുരളീധരൻ

സംസ്ഥാന സർക്കാർ കേരളത്തെ മുഴുവൻ വിറ്റ് തുലയ്ക്കാൻ ഉള്ള പദ്ധതികൾ ആണ് ആവിഷ്കരിച്ചു കൊണ്ടിരിക്കുന്നതെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ. ആഴക്കടൽ മൽസ്യബന്ധന കരാറിൽ ഏർപ്പെടാൻ ഉള്ള അധികാരം സംസ്ഥാന സർക്കാരിന് ആര് നൽകി. മറ്റ് രാജ്യങ്ങളുമായി കരാർ ഏർപ്പെടാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുവാദം തേടണം.  ഒട്ടക പക്ഷിയുടെ നയമാണ് സംസ്ഥാന സർക്കാരിനെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

അമേരിക്കന്‍ കമ്പനിയായ ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനമാണെന്ന് അമേരിക്കയിലെ കോണ്‍സുലേറ്റ് മറുപടി നല്‍കിയിരുന്നെന്ന് മുരളീധരന്‍ പറഞ്ഞു. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതിനു ശേഷം നാലു മാസം കഴിഞ്ഞാണ് കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. കമ്പനിയെക്കുറിച്ചുള്ള വിശദാംശം അന്വേഷിച്ച് നൽകിയ കത്തിന് ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് 2019 ഒക്ടോബര്‍ മാസം 21ന് മറുപടി അയച്ചിരുന്നു. ഇഎംസിസിയുടെ വിശദാംശങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും സ്ഥാപനത്തില്‍നിന്ന് ഒരു മറുപടിയും കിട്ടിയില്ല, കമ്പനിയുടേത് വാടക കെട്ടിടത്തിന്റെ വെര്‍ച്വല്‍ വിലാസം മാത്രമാണെന്നും സ്ഥാപനം എന്ന നിലയില്‍ വിശേഷിപ്പിക്കാനാവില്ലെന്നുമായിരുന്നു കോണ്‍സുലേറ്റ് നല്‍കിയ മറുപടി.

ഈ വിവരങ്ങള്‍ നൽകിയതിന് ശേഷം 2020 ഫെബ്രുവരി 28ന് ആണ് അസന്റിൽ വെച്ച് ഇഎംസിസിയുമായി കേരള സർക്കാർ ധാരണാപത്രം ഒപ്പിടുന്നത്. അതായത്, വിലാസത്തില്‍ പ്രവര്‍ത്തിക്കാത്ത, രജിസ്‌ട്രേഷന്‍ മാത്രമുള്ള ഒരു കമ്പനിയാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയായിരുന്നു ഇത്, മുരളീധരന്‍ പറഞ്ഞു. അതേസമയം, വി മുരളീധരന്റെ ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ഇഎംസിസി പ്രതികരിച്ചു. നിയമപരമായ എല്ലാ വിവരങ്ങളും സർക്കാരിന് നൽകിയിരുന്നു. വിദേശകാര്യമന്ത്രാലയത്തിന് അഭിഭാഷകർ മുഖേന കത്തയയ്ക്കുമെന്നും കമ്പനി വ്യക്തമാക്കി.

Leave A Reply
error: Content is protected !!