മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവലിൻ കേസിലെ വാദം സുപ്രീംകോടതി വീണ്ടും മാറ്റി. ജസ്റ്റീസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ച് ഏപ്രിൽ ആറിലേക്കാണ് മാറ്റിയത്. കേസ് അടുത്താഴ്ചയിലേക്ക് മാറ്റണമെന്ന സിബിഐ ആവശ്യം പരിഗണിച്ചാണ് സുപ്രീം കോടതി കേസ് മാറ്റിയത്. കേസ് സുപ്രീം കോടതിക്ക് മുന്നിൽ എത്തിയ ശേഷം ഇരുപതിലധികം തവണ പരിഗണിച്ചെങ്കിലും വാദം കേൾക്കാതെ മാറ്റിവയ്ക്കുകയായിരുന്നു.
ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപ് ലാവലിൻ കേസ് എൽഡിഎഫിന് തലവേദനയുണ്ടാക്കില്ലെന്ന് ഉറപ്പായി. ഏപ്രിൽ ആറിന് കേസ് പരിഗണനയ്ക്ക് എടുത്താലും വാദം കേൾക്കാനുള്ള തീയതി നിശ്ചയിച്ച് മറ്റൊരു തീയതിയിലേക്ക് മാറ്റാനാണ് സാധ്യത. കേസിൽ വാദം തുടങ്ങാൻ തയ്യാറാണെന്ന് സിബിഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ചു കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്നും ആയിരുന്നു സിബിഐയുടെ ആവശ്യം.
ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാധ്യമാകൂ എന്ന് സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് ലളിതിന് പുറമേ, മലയാളി യായ ജസ്റ്റിസ് കെഎം ജോസഫ്, ജസ്റ്റിസ് ഇന്ദിരാ ബാനർജി എന്നിവരാണ് ബഞ്ചിലുള്ളത്.
കേസ് ഇന്ന് വൈകിട്ടോ അടുത്തയാഴ്ചയോ പരിഗണിക്കാൻ മാറ്റണമെന്ന് സിബിഐ ആവശ്യപ്പെട്ടു. എന്നാൽ ഇന്ന് മാറ്റിവച്ചാൽ പിന്നീട് ഏപ്രിൽ ആറിന് മാത്രമേ പരിഗണിക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി. മറ്റ് കേസുകളുടെ തിരക്ക് കാരണം സിബിഐ ആവശ്യപ്പെട്ട തീയതികൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു കോടതി നിലപാട്. ഇതോടെയാണ് കേസ് ഏപ്രിൽ ആറിലേക്ക് മാറ്റിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ, വൈദ്യുതി ബോർഡ് മുൻ ചെയർമാൻ കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സിബിഐ നൽകിയ ഹർജി.