ഇവിടെയുണ്ട്, നാടിന്റെ ചരിത്രം ഒളിമങ്ങാതെ…

ഇവിടെയുണ്ട്, നാടിന്റെ ചരിത്രം ഒളിമങ്ങാതെ…

കണ്ണൂർ: ഓരോ പ്രദേശത്തിനും പറയാന്‍ ഓരോ കഥയുണ്ട്. പുതു തലമുറയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന ആ ചരിത്ര പശ്ചാത്തലങ്ങളെ തിരികെ വിളിക്കുകയാണ് സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കണ്ടോന്താര്‍ പ്രാദേശിക ചരിത്ര മ്യൂസിയം. സമൂഹത്തിന്റെ താഴേത്തട്ടില്‍ ജീവിക്കുന്ന ജനതയുടെ അനുഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവില്‍ നിന്നാണ് ദേശത്തിന്റെ വിപുലമായ ചരിത്രങ്ങളില്‍ പരിഗണിക്കപ്പെടാതെ പോയ പ്രാദേശിക ഇടങ്ങള്‍ ചരിത്ര പഠനത്തിന്റെ ഭാഗമാകുന്നത്. നാട്ടു ചരിത്രങ്ങളുടെ സമകാലിക പ്രസക്തിയാണ് പ്രാദേശിക ചരിത്ര മ്യൂസിയങ്ങളുടെ രൂപീകരണത്തിന് പുരാവസ്തു വകുപ്പിനെ പ്രേരിപ്പിച്ചത്.

വകുപ്പ് 2017ല്‍ സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ച ചരിത്ര സ്മാരകമാണ് കണ്ടോന്താര്‍ ജയില്‍ പ്രാദേശിക ചരിത്ര മ്യൂസിയം. രാജകൊട്ടാരങ്ങളും കോട്ടകളും മാത്രമല്ല, ഓരോ ദേശത്തിന്റെയും പ്രാദേശിക ചരിത്രങ്ങള്‍ അനാവരണം ചെയ്യുന്നതില്‍ ആ പ്രദേശത്തിനും വലിയ പങ്കുണ്ട്. അത്തരത്തിലുള്ള പ്രാദേശിക ചരിത്ര പൈതൃക മ്യൂസിയങ്ങളാണ് പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തില്‍ സജ്ജീകരിക്കുന്നത്. ഇതിന്റെ ആദ്യപടിയായാണ് കണ്ടോന്താറില്‍ പ്രാദേശിക ചരിത്ര മ്യൂസിയം ഒരുക്കിയത്. പഞ്ചായത്ത്തലത്തില്‍ ഒരുക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ പ്രാദേശിക ചരിത്ര മ്യൂസിയം കൂടിയാണിത്.

മലബാറിന്റെ ചരിത്രത്തില്‍ കണ്ടോന്താര്‍ ട്രാന്‍സിറ്റ് ജയിലിന്റെ പ്രാധാന്യം ഏറെയാണ്.  സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ കാലത്താണ് കണ്ടോന്താര്‍ ജയില്‍ ശ്രദ്ധാ കേന്ദ്രമാവുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായി നടന്ന സമരങ്ങളിലും കര്‍ഷക പ്രക്ഷോഭങ്ങളിലും പങ്കെടുത്തവരെ ഈ ജയിലില്‍ അടച്ചതായാണ് ചരിത്രം. 1942-ലെ ക്വിറ്റ് ഇന്ത്യാ സമരകാലത്ത് കണ്ടോന്താര്‍ ജയില്‍, താല്‍ക്കാലിക സെല്ലായി ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചിരുന്നു.

അധികാര സ്ഥാപനത്തിന്റെ ഭാഗമായി ഭരണം, രാഷ്ട്രീയം, നീതിന്യായം, സൈനികം എന്നീ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ മലബാറിലുടനീളം സ്ഥാപിച്ച കാര്യാലയങ്ങളില്‍പ്പെട്ടതാണ് കണ്ടോന്താറിലെ രജിസ്ട്രാര്‍ ഓഫീസ്. 1911 ലാണ് ഇത് സ്ഥാപിച്ചത്.   ആ സമയത്ത് തൊട്ടടുത്ത് സ്ഥിതി ചെയ്തിരുന്ന ജീര്‍ണാവസ്ഥയില്‍ കിടന്ന കച്ചേരി ഒഴിവാക്കി രജിസ്ട്രാര്‍ ഓഫീസിനരികെയുള്ള ഇപ്പോഴത്തെ ജയില്‍ സ്ഥലത്ത് ഒരു ലോക്കപ്പ് മുറിയും ഓഫീസും വരാന്തയും അടങ്ങുന്ന കെട്ടിടം പണിതു. അക്കാലത്ത് അത് ബംഗ്ലാവ് എന്നാണ് അറിയപ്പെട്ടിരുന്നത് 107 വര്‍ഷം പഴക്കമുള്ളതും അതീവ ജീര്‍ണാവസ്ഥയിലുള്ളതുമായിരുന്ന ഈ ജയില്‍ കെട്ടിടം ശാസ്ത്രീയ സംരക്ഷണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി 2018 ലാണ് പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നാടിനു സമര്‍പ്പിച്ചത്.

66.34 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് സര്‍ക്കാര്‍ ഈ മ്യൂസിയത്തില്‍  സജ്ജീകരിച്ചത്. സര്‍ക്കാരിന്റെ മ്യൂസിയം നോഡല്‍ ഏജന്‍സിയായ കേരളം ചരിത്ര പൈതൃക മ്യൂസിയമാണ് സജ്ജീകരണം നിര്‍വഹിച്ചത്. സ്വാതന്ത്ര്യ സമരങ്ങളും കര്‍ഷക പ്രക്ഷോഭങ്ങളും അടക്കമുള്ള പോരാട്ടങ്ങളും, നാടിന്റെ കാര്‍ഷിക സംസ്‌കൃതിയും, തെയ്യവും പൂരക്കളിയും മറത്തുകളിയും അടക്കമുള്ള അനുഷ്ഠാനങ്ങളും ഉള്‍ച്ചേര്‍ത്ത് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് മ്യൂസിയം ഒരുക്കിയിട്ടുള്ളത്. പ്രാദേശിക ചരിത്രത്തെ അറിയാനും അനാവരണം ചെയ്യാനുമുള്ള ആദ്യ ചുവട് വയ്പായി ഈ മ്യൂസിയം മാറുമെന്നതില്‍ തര്‍ക്കമില്ല.

Leave A Reply
error: Content is protected !!