ദേശീയ ഖൊ-ഖൊ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി

ദേശീയ ഖൊ-ഖൊ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം:ജോലി കിട്ടിയില്ലേ, പിന്നെന്തിന് മത്സരിക്കണമെന്നു പറഞ്ഞ് ദേശീയ ഖൊ-ഖൊ കായികതാരത്തെ ജില്ലാ ടീമിലേക്ക് പരിഗണിച്ചില്ലെന്ന് പരാതി. സെക്രട്ടേറിയറ്റിനുമുന്നിൽ 42 ദിവസമായി സമരം ചെയ്യുന്ന ദേശീയ ഗെയിംസ് മെഡൽ ജേതാവ് എസ്. രമ്യയെയാണ് സെലക്ഷൻ നൽകാതെ ഒഴിവാക്കിയത്. 13 വർഷമായി ദേശീയ മത്സരങ്ങളിൽ സജീവസാന്നിധ്യവും സാഫ് ഗെയിംസിനുള്ള ഇന്ത്യൻ ക്യാമ്പിൽ അംഗവും കഴിഞ്ഞവർഷത്തെ സംസ്ഥാനത്തെ മികച്ച താരവുമാണ് ചിറയിൻകീഴ് സ്വദേശിയായ രമ്യ.

ഞായറാഴ്ച ആറ്റിങ്ങൽ ശ്രീപാദം ഗ്രൗണ്ടിൽനടന്ന ജില്ലാതല ഖൊ-ഖൊ ചാമ്പ്യൻഷിപ്പിൽ രമ്യ പങ്കെടുത്ത സ്പോർട്ടി ക്ലബ്ബ് മത്സരിച്ചു. മൂന്നാം സ്ഥാനം നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു. എന്നാൽ, 28-ന് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട തിരുവനന്തപുരം ജില്ലാ ടീമിൽ രമ്യയ്ക്ക് അവസരം നൽകിയില്ല. സെക്രട്ടേറിയറ്റിനുമുന്നിൽ സമരം ചെയ്യുകയല്ലേ, എന്തായാലും ജോലികിട്ടും. പിന്നെന്തിനാണ് ഇനി മത്സരങ്ങളിലൊക്കെ പങ്കെടുക്കുന്നത് എന്ന് പറഞ്ഞായിരുന്നു സംഘാടകർ അവസരം നഷ്ടപ്പെടുത്തിയതെന്നും രമ്യ പറഞ്ഞു.

35-ാമത് ദേശീയ ഗെയിംസിൽ വെള്ളിമെഡൽ ജേതാവായിരുന്ന രമ്യ ജോലിക്കായി സെക്രട്ടേറിയറ്റിനുമുന്നിൽ മറ്റ് 83 താരങ്ങൾക്കൊപ്പം സമരത്തിലാണ്. സമരവേദിയിൽനിന്നാണ് രമ്യ മത്സരത്തിനു പോയതും. സംസ്ഥാന-ദേശീയ മത്സരങ്ങൾ ഇതുമൂലം രമ്യക്ക് നഷ്ടമാകും.

സമരത്തിൽ പങ്കെടുക്കുന്നവരോട് സ്പോർട്സ് കൗൺസിൽ അധികൃതരും മറ്റും പ്രതികാരം ചെയ്യുകയാണെന്ന് ദേശീയ ഗെയിംസ് താരങ്ങളുടെ കോ-ഓർഡിനേറ്ററായ കായികാധ്യാപകൻ കെ.ആർ. പ്രമോദ് പറഞ്ഞു. ഇക്കാര്യത്തിൽ പ്രതികരിക്കാൻ സ്പോർട്സ് കൗൺസിൽ അധികൃതർ തയ്യാറായില്ല.

Leave A Reply
error: Content is protected !!