കെഎസ്ആർടിസി പണിമുടക്ക്: സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍

കെഎസ്ആർടിസി പണിമുടക്ക്: സര്‍വീസുകള്‍ മുടങ്ങി; യാത്രക്കാര്‍ ദുരിതത്തില്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തിങ്കളാഴ്ച അർധരാത്രി മുതൽ തുടങ്ങി. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങിയതോടെ യാത്രക്കാര്‍ ദുരിതത്തിലായി. അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. സിഐടിയു – ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെ മുടങ്ങിയിട്ടുണ്ട്. പണിമുടക്കിനെ തുടര്‍ന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവച്ചു.

ടിഡിഎഫ്, കെഎസ്ടി എംപ്ലോയീസ് സംഘ് എന്നീ സംഘടനകളുമായി സിഎംഡി. ബിജു പ്രഭാകർ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു. ടിഡിഎഫിനെ പ്രതിനിധാനം ചെയ്ത് ആർ.ശശിധരൻ, ആർ.അയ്യപ്പൻ, കെ.ഗോപകുമാർ, കെ.അജയകുമാർ, കെഎസ്ടി എംപ്ലോയീസ് സംഘിനെ പ്രതിനിധാനം ചെയ്ത് ജി.കെ.അജിത്ത്, കെ.എൽ.രാജേഷ്, എസ്.അജയകുമാർ, ടി.പി.വിജയൻ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.

Leave A Reply
error: Content is protected !!