തിളച്ച എണ്ണയിൽ കൈമുക്കാൻ നിർദ്ദേശിച്ച് ഭർത്താവ് ; പാതിവൃത്യം തെളിയിക്കാൻ അഗ്​നിപരീക്ഷ

തിളച്ച എണ്ണയിൽ കൈമുക്കാൻ നിർദ്ദേശിച്ച് ഭർത്താവ് ; പാതിവൃത്യം തെളിയിക്കാൻ അഗ്​നിപരീക്ഷ

മുംബൈ: ഭാര്യയുടെ പാതിവൃത്യം തെളിയിക്കാൻ കടുത്ത അഗ്​നിപരീക്ഷക്ക്​ വിധേയമാക്കി ഭർത്താവ്​. മഹാരാഷ്​ട്രയിലെ ഒസ്​മാനാബാദിലാണ്​ ക്രൂരമായ സംഭവം.തിളച്ച എണ്ണയിൽ കൈമുക്കി അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഭർത്താവിന്‍റെ നി​ർദേശം.

ഫെബ്രുവരി 11ന്​ ഭർത്താവിനോട്​ വഴക്കിട്ട് ആരോടും പറയാതെ​ ഭാര്യ വീട്ടിൽനിന്ന്​ ഇറങ്ങിപ്പോയിരുന്നു. നാലുദിവസത്തിന്​ ശേഷം​ ഇവർ വീട്ടിൽ തിരിച്ചെത്തി​. പരന്ത കച്ച്​പുരി ചൗക്കിൽ ബസ്​ കാത്തുനിന്നപ്പോൾ രണ്ടുപേർ തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലുദിവസം ബന്ദിയാക്കിയെന്നും സ്​ത്രീ പറഞ്ഞു.

അതെ സമയം ഭാര്യയുടെ വാക്കുകൾ വിശ്വസിക്കാൻ ഭർത്താവ്​ തയാറായില്ല. ഇതോടെ പർഥി സമുദായത്തിന്‍റെ വി​ശ്വാസപ്രകാരം ഭാര്യയെ അഗ്​നിപരീക്ഷക്ക്​ വിധേയയാക്കുകയായിരുന്നു. തിളച്ച എണ്ണയിൽനിന്ന്​ അഞ്ചുരൂപ നാണയം എടുക്കാനായിരുന്നു ഇയാളുടെ നിർദേശം. നുണ പറയുകയാണെങ്കിൽ കൈപൊള്ളുകയും ചട്ടിയിൽനിന്ന്​ തീ ഉയരുകയും ചെയ്യുമെന്നാണ്​ സമുദായത്തിന്‍റെ വിശ്വാസം.

‘എന്‍റെ ഭാര്യയെ രണ്ടുപേർ ചേർന്ന്​ തട്ടികൊണ്ടുപോയി ബന്ദിയാക്കിയിരുന്നെന്നാണ്​ പറയുന്നത്​. അവർ അവളെ ഒന്നും ചെയ്​തി​ല്ലെന്നും പറയുന്നു. എന്‍റെ ഭാര്യ സത്യമാണോ പറയുന്നതെന്ന്​ അറിയണം. അതിനുവേണ്ടിയാണ്​ ഇത്​ ചെയ്യുന്നത്​’ -ഭർത്താവ്​ വിഡിയോയിൽ പറയുന്നത്​ കേൾക്കാം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ഇയാൾ തന്നെയാണ് വിഡിയോയിൽ പകർത്തിയത് .

തിളച്ച എണ്ണയിൽ കൈമുക്കിയതോടെ ഭാര്യ നില വിളിക്കുന്നതും കൈ പച്ചവെള്ളത്തിൽ മുക്കുന്നതും വിഡിയോയിൽ കാണാം. സമൂഹമാധ്യമങ്ങളിൽ വിഡിയോ തരംഗമായതോടെ പ്രതിഷേധം ശക്തമായി. സംഭവത്തിൽ ഭർത്താവിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന്​ മഹാരാഷ്​ട്ര ലെജിസ്​ലേറ്റീവ്​ കൗൺസൽ ചെയർമാൻ നീലം ഗാർഹെ ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിന്​ നിർദേശം നൽകി.

Leave A Reply
error: Content is protected !!