സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ ഒരു ഒത്തുകളിയുമില്ലെന്ന് കെ സുരേന്ദ്രൻ

സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ ഒരു ഒത്തുകളിയുമില്ലെന്ന് കെ സുരേന്ദ്രൻ

കണ്ണൂര്‍: സ്വര്‍ണക്കടത്ത്, ലാവലിന്‍ കേസുകളില്‍ ഒരു ഒത്തുകളിയുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലാവ്‍ലിൻ കേസിൽ എല്ലാ തെളിവുകളും ശേഖരിക്കാനാണ് സിബിഐ കോടതിയിൽ സമയം ആവശ്യപ്പെട്ടത്. സിബിഐ ഒത്തുകളിക്കാൻ നിൽക്കില്ല. കേസ് നന്നായി വാദിക്കാന്‍ വേണ്ടിയാണ് സമയം തേടിയത്. സ്വര്‍ണക്കടത്ത് കേസിൽ ഓരോ ഘട്ടത്തിലും പ്രതികരിച്ചത് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണെന്നും ഇപ്പോള്‍ പ്രതികരിക്കാത്തത് വാര്‍ത്തകള്‍ വരാത്തതിനാലാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയും  ഒന്നാം യു.പി.എ കാലത്ത് പ്രധാനമന്ത്രിയുടെ ഉപദേശകനായിരുന്ന ടി.കെ നായരും  ഗൂഢാലോചന നടത്തി. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ നടന്നത്. എന്നാല്‍  ആ കേസ് നീതി പൂര്‍വമായി നടത്തപ്പെട്ടിട്ടില്ല.

കേരളത്തിലെ കോടതികളില്‍ പിണറായി വിജയനെ രക്ഷിക്കാനുള്ള ആസൂത്രിതമായ ശ്രമം നടന്നു.  ചരിത്രത്തില്‍ കേട്ടുകേഴ്‌വി ഇല്ലാത്ത തരത്തിലാണ് സംസ്ഥാന ഖജനാവിന് 374 കോടി രൂപയുടെ നഷ്ടം വരുത്തിയ അഴിമതിക്കേസ് വിചാരണ കൂടാതെ തള്ളിയത്. എ.കെ ആന്റണി ഉള്‍പ്പെടെ കോണ്‍ഗ്രസിന്റെ പല ഉന്നത നേതാക്കന്‍മാരും പിണറായി വിജയനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് പിണറായി വിജയന് സഹായം ലഭിച്ചു. അന്നത്ത പ്രധാനമന്ത്രിയുടെ ഉപദേശകനായ ടി.കെ നായരും എ.കെ ആന്റണിയും  ലാവ്‌ലിന്‍ കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തി.

ദുരൂഹമായ പല കാര്യങ്ങളും കേസുമായി ബന്ധപ്പെട്ട് അന്ന് തന്നെ ഉയര്‍ന്നുവന്നിരുന്നു. കേരളം ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളിലും  രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ടിട്ടുള്ള അഴിമതി കേസുകള്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കേരളത്തില്‍ പക്ഷേ അങ്ങനെയല്ല. ആര്‍.ബാലകൃഷ്ണ പിള്ള രണ്ട് മാസം ജയിലില്‍ കിടന്നതൊഴിച്ചാല്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകാലമായി കേരളത്തില്‍ അഴിമതി ചെയ്തിട്ടുള്ള ഒരു രാഷ്ട്രീയ നേതാവുപോലും വിചാരണ ചെയ്യപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ലെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

ഉമ്മൻചാണ്ടി സർക്കാറിൻ്റെ തീവെട്ടിക്കൊള്ളയാണ് പിണറായിക്ക് അധികാരത്തിലേക്ക് വഴി തുറന്നത്. ബാർക്കോഴക്കേസിൽ കൃത്യമായ അന്വേഷണം നടന്നില്ല. കെ ബാബുവിൻ്റെ വീട്ടിൽ നിന്ന് സ്വർണ്ണമടക്കം വിജിലൻസ് പിടിച്ചിട്ടും കേസ് മുന്നോട്ട് കൊണ്ടുപോയില്ല. പാലാരിവട്ടം കേസിലും അന്വേഷണം മുന്നോട്ട് പോയില്ല. യുഡിഎഫിൻ്റെ അഴിമതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതല്ലാതെ മുന്നോട്ട് പോയില്ല. കടൽകൊള്ളയടിയിക്കുകയാണ് ഇടത് സർക്കാർ. മേഴ്സിക്കുട്ടിയമ്മയെന്ന് പേരുമാത്രം. അവർക്ക് മേഴ്സി ഇല്ലെന്നും കെ സുരേന്ദ്രൻ വിമര്‍ശിച്ചു.

Leave A Reply
error: Content is protected !!