തലപ്പാടി (കാസർകോട്): കോവിഡ് പശ്ചാത്തലത്തില്‍ കര്‍ണാടക – കേരള അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം താത്ക്കാലികമായി പിന്‍വലിച്ച് കര്‍ണാടക.കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം ആക്കികൊണ്ടുള്ള നിയന്ത്രണത്തിലാണ് സംസ്ഥാനം ഇളവേര്‍പ്പെടുത്തിയത്.
കേരളത്തില്‍ കോവിഡ് വര്‍ധിച്ച പശ്ചാത്തലത്തില്‍ 72 മണിക്കൂര്‍ മുമ്പെടുത്ത ആര്.ടി.പി.സിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി വരുന്നവരെ മാത്രമെ സംസ്ഥാനത്തേക്ക് പ്രവേശിപ്പിക്കൂ എന്നായിരുന്നു കര്‍ണാടകയുടെ കർശന നിലപാട്.
തിങ്കളാഴ്ച മുതല്‍ നടപ്പാക്കാനിരുന്ന തീരുമാനം ചൊവ്വാഴ്ചത്തേക്ക് മാറ്റിവെച്ചിരുന്നു. എന്നാല്‍ രണ്ട് ദിവസത്തേക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്ബന്ധമില്ലെന്ന നിലപാടാണ് കര്‍ണാടക ചൊവ്വാഴ്ച സ്വീകരിച്ചത്. അതെ സമയം പുതിയ ചില നിര്‍ദേശം കര്‍ണാടക മുന്നോട്ട് വെച്ചിട്ടുണ്ട്.
തലപ്പാടി ദേശീയ പാത ഉള്‍പ്പെടെയുള്ള പ്രധാന റോഡുകളിലെല്ലാം ആന്റിജന്‍ ടെസ്റ്റിനുള്ള സംവിധാനം കര്‍ണാടക തന്നെ ഏര്‍പ്പെടുത്തും. ആന്റിജന്‍ ടെസ്റ്റ് കേന്ദ്രങ്ങളില്‍ സാമ്പിളുകള്‍ ശേഖരിച്ച ശേഷം യാത്രക്കാരെ കടത്തിവിടാനാണ് പുതിയ തീരുമാനം. വിദ്യാര്‍ത്ഥികള്‍ക്ക് അതിര്‍ത്തിയില്‍ സാമ്പിളുകള്‍ ശേഖരിക്കുന്നതിന് പകരം കോളേജുകളില്‍ അതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും പ്രതിഷേധത്തെ തുടർന്നാണ് കര്‍ണാടക നിലപാടില്‍ അയവ് വരുത്തിയത്.