രേഷ്മയുടെ കൊലപാതകം: ബന്ധു അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

രേഷ്മയുടെ കൊലപാതകം: ബന്ധു അരുണ്‍ തൂങ്ങിമരിച്ച നിലയില്‍

ഇടുക്കി:അടിമാലി പള്ളിവാസലിൽ പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതി എന്ന് സംശയിക്കുന്ന പെൺകുട്ടിയുടെ ബന്ധു അരുണിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്തു നിന്ന് ഒരു കിലോമീറ്റര്‍ ദൂരെ പള്ളിവാസൽ പവർഹൗസിന് സമീപമാണ് തൂങ്ങി മരിച്ച നിലയില്‍  രാവിലെ മൃതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് അരുണിന്റേതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണ്‍ നേരത്തെ കണ്ടെടുത്തിരുന്നു. ഉളി പോലുള്ള ആയുധം ഉപയോഗിച്ചാണ് പെണ്‍കുട്ടിയെ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക പരിശോധനയില്‍നിന്നുള്ള നിഗമനം.ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ രേഷ്മയെ വെള്ളിയാഴ്ച വൈകിട്ട് മുതലാണ് കാണാതായത്. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

സമീപത്തെ റിസോര്‍ട്ടിലെ സി സി ടി വിയില്‍ പെണ്‍കുട്ടിയും ബന്ധുവായ അരുണും നടന്നുപോകുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയതോടെയാണ് അന്വേഷണം അരുണിലേയ്ക്ക് എത്തിയത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫാക്കിയതും പൊലീസിന് സംശയം ജനിപ്പിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അരുണിന്റെ മുറിയില്‍ നിന്നും കുറ്റസമ്മതം നടത്തുന്ന തരത്തിലുള്ള കത്ത് പൊലീസിന് ലഭിച്ചിരുന്നു.

എന്നാൽ കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും പൊലീസിന് അരുണിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അരുണിന്‍റെ മുറിയില്‍ നിന്നും ലഭിച്ച കത്തിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അരുൺ ആത്മഹത്യ ചെയ്യാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു പൊലീസ്. രേഷ്മയുടെ പിതാവിന്‍റെ അർദ്ധ സഹോദരനാണ് അരുൺ. ഇടുക്കി ഡിവൈ എസ് പി കെ ഇ ഫ്രാന്‍സീസ് ഷെല്‍ബി, വെള്ളത്തുവല്‍ സിഐ ആര്‍ മുകാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Leave A Reply
error: Content is protected !!