ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യൻ പര്യടനം മാർച്ച് ഏഴ് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്
ദക്ഷിണാഫ്രിക്കൻ വനിതാ ക്രിക്കറ്റ് ടീമിൻ്റെ ഇന്ത്യൻ പര്യടനം മാർച്ച് ഏഴ് മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ബയോബബിൾ സംവിധാനത്തിൽ ലക്നൗവിലോ കാൺപൂരിലോ ആവും മത്സരങ്ങൾ. ഒരു വർഷത്തിനു ശേഷമാണ് ഇന്ത്യൻ വനിതാ ടീം രാജ്യാന്തര മത്സരങ്ങൾക്കായി കളിക്കളത്തിൽ ഇറങ്ങുന്നത്.അഞ്ച് ടി-20കളും മൂന്ന് ഏകദിനങ്ങളുമാണ് പരമ്പരയിൽ ഉള്ളത്.
തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീൻഫീൽഡ് ആണ് പരമ്പരയ്ക്കായി ആദ്യം വേദിയാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഗ്രൗണ്ടിൽ സൈനിക റിക്രൂട്ട്മെൻ്റ് നടക്കുന്നതിനാൽ ഇവിടെ മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിൻ്റെ നടത്തിപ്പ് അവകാശമുള്ള ഐ.എൽ & എഫ്.എസ് കമ്പനിയാണ് ഗ്രീൻഫീൽഡ് സ്റ്റേഡിയം റിക്രൂട്ട്മെന്റ് റാലിക്ക് വിട്ടുനൽകിയത്.