തലശ്ശേരി: ജന്മനാട്ടിൽ ചലച്ചിത്രോത്സവമെത്തുമ്പോൾ തന്നെ ക്ഷണിച്ചില്ലെന്ന് ദേശീയ പുരസ്കാര ജേതാവായ കലാസംവിധായകൻ സന്തോഷ് രാമൻ.
‘എന്തിനാണ് അവഗണിച്ചതെന്നറിയില്ല. വ്യക്തിപരമായി ചെറുപ്പകാലം തൊട്ട് അറിയുന്നവരാണ് തലശ്ശേരിക്കാരായ സംഘാടകരിൽ പലരും. അവർക്ക് ഇക്കാര്യത്തിൽ ബോധം ഉണ്ടാകേണ്ടതായിരുന്നു. കെ.പി. കുമാരൻ സംവിധാനം ചെയ്ത ‘ ഗ്രാമവൃക്ഷത്തിലെ കുയിൽ’ എന്ന ചിത്രം മേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഈ സിനിമയ്ക്കുവേണ്ടി പ്രവർത്തിച്ചതിനാൽ കുമാരേട്ടൻ പങ്കെടുക്കാൻ വിളിച്ചിട്ടുണ്ട്. മേളയുമായി ബന്ധപ്പെട്ട യോഗത്തിൽ തന്നെ ക്ഷണിക്കുന്നതിനെക്കുറിച്ച് ഒരാൾ സൂചിപ്പിച്ചിരുന്നതായി അറിയാം.’
കലാപ്രവർത്തനം തുടങ്ങിയ തലശ്ശേരിയിൽ മേളയെത്തുന്നതിൽ സന്തോഷമുണ്ട്. തിയേറ്ററുകൾ പൂട്ടിപ്പോകുന്ന സാഹചര്യത്തിൽ ആസ്വാദകരിൽ ഇത്തരം മേളകൾ ഉണർവുണ്ടാക്കുമെന്നും സന്തോഷ് പറഞ്ഞു. മോഹൻലാൽ സംവിധാനം ചെയ്യുന്ന സിനിമയുടെ ഭാഗമായി ഇപ്പോൾ കൊച്ചിയിലാണ് സന്തോഷ്. 2017-ൽ ‘ ടേക്ക് ഓഫ്’ എന്ന ചിത്രത്തിനാണ് അദ്ദേഹത്തിന് സംസ്ഥാന, ദേശീയ പുരസ്കാരങ്ങൾ ലഭിച്ചത്.