ദുബായ് : വിദേശ രാജ്യങ്ങളിൽ പ്രവേശനത്തിന് നിർബന്ധമാക്കിയിട്ടുള്ള പാസ്പോർട്ടോ
അനുബന്ധ രേഖകളോ ഇല്ലാതെ വിമാനത്താവളങ്ങളിലൂടെയുള്ള യാത്ര യാഥാർഥ്യമാക്കാനൊരുങ്ങുകയാണ് ദുബായ് വിമാനത്താവളം. ബയോമെട്രിക് സംവിധാനത്തിലൂടെ യാത്രക്കാരനെ തിരിച്ചറിയുന്ന സ്മാർട്ട് ടണൽ സംവിധാനം ദുബായ് വിമാനത്താവളത്തിൽ ആരംഭിച്ചു .
ആദ്യഘട്ടമായി എമിറേറ്റ്സ് എയർലൈൻസിലെ ബിസിനസ് ക്ലാസ് യാത്രക്കാർക്കാണ് സ്മാർട്ട് ടണൽ സംവിധാനം ഏർപ്പെടുത്തുന്നത്.വൈകാതെതന്നെ മറ്റ് എയർലൈൻസുകളിലും ഇത് നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. ഒരു തവണ രജിസ്റ്റർ ചെയ്ത് സ്മാർട്ട് ടണലിലൂടെ പോയവർക്ക് പിന്നീട് പാസ്പോർട്ടില്ലാതെ പോകാനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സാണ് (ജി.ഡി.ആർ.എഫ്.എ) ഈ സംവിധാനം നടപ്പാക്കിയത്.
എമിഗ്രേഷൻ നടപടികൾ നിമിഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. 122 സ്മാർട്ട് ഗേറ്റുകളാണ് സ്ഥാപിച്ചിരിക്കുന്നത്. ചെക്ക് ഇൻ ചെയ്യുന്ന സമയത്ത് രജിസ്റ്റർ ചെയ്താൽ പിന്നീട് യാത്ര സ്മാർട്ട് വഴികളിലൂടെയാണ്. ഇവിടെയൊന്നും പാസ്പോർട്ടോ ടിക്കറ്റോ കാണിക്കേണ്ടആവശ്യമില്ല .ഇവിടെയുള്ള കാമറകൾ യാത്രക്കാരെ തിരിച്ചറിയുകയും ഗേറ്റ് ഓട്ടോമാറ്റിക്കായി തുറക്കുകയും ചെയ്യും. ഓരോ ചെക്ക് ഇൻ പോയൻറുകളിലും 5-10 സെക്കൻഡിനുള്ളിൽ നടപടിക്രമങ്ങൾ പൂർത്തിയാകും .
മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഇത്തരമൊരു സംവിധാനം വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
ലോകത്ത് ഏറ്റവുമധികം സഞ്ചാരികളെത്തുന്ന വിമാനത്താവളമാണ് ദുബായ് . കോവിഡ് പ്രതിസന്ധിയിലും കഴിഞ്ഞ വർഷം ഇന്ത്യയിൽനിന്ന് മാത്രം 43 ലക്ഷം പേരാണ് ദുബായ് വിമാനത്താവളം വഴി യാത്രചെയ്തത്. വിമാനത്താവളത്തിലെ തിരക്ക് ഒഴിവാക്കാനും സുരക്ഷിതമായി നടപടികൾ പൂർത്തിയാക്കാനും സ്മാർട്ട് ടണൽ സംവിധാനം പ്രയോജനപ്പെടും .
യാത്രക്കാരുടെ മുഖമാണ് ഞങ്ങളുടെ പാസ്പോർട്ടെന്ന് ജി.ഡി.ആർ.എഫ്.എ ഡയറക്ടർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി പറഞ്ഞു. ഭാവിയിൽ എമിഗ്രേഷൻ പൂർണമായും ഓട്ടോമാറ്റിക്കായി നടക്കുന്ന സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബയോമെട്രിക് – സ്മാർട്ട് ടണൽ നടപടിക്രമങ്ങൾ
> ആദ്യമായി യാത്ര ചെയ്യുന്നവർ ചെക്ക് ഇൻ സമയത്ത് പാസ്പോർട്ട് നൽകി രജിസ്റ്റർ ചെയ്യണം.
> പിന്നീടുള്ള യാത്രകളിൽ പാസ്പോർട്ടിന്റെ ആവശ്യമില്ല. ചെക്ക് ഇൻ പൊയൻറിൽ മുഖം സ്കാൻ ചെയ്താൽ
മതിയാവും.
>പാസ്പോർട്ടിന്റെ കാലാവധി കഴിയുമ്പോൾ വീണ്ടും രജിസ്റ്റർ ചെയ്യണം.
> ചെക്ക് ഇൻ ചെയ്ത ശേഷം ബോർഡിങ് പാസുമായി അടുത്ത ഗേറ്റിലേക്ക് നടക്കാം.
> ഇവിടെയൊന്നും രേഖകൾ കാണിക്കേണ്ടതില്ല
> യാത്രക്കാരുടെ മുഖം തിരിച്ചറിയുന്നതോടെ ഓരോ ഗേറ്റും തനിയെ തുറക്കും.
> മുഖം സ്കാൻ ചെയ്യുന്നതിനായി സ്മാർട്ട് ഗേറ്റുകളിൽ എത്തുമ്പോൾ മാസ്കുകൾ നീക്കണം
> 17 വയസ്സിനു മുകളിലുള്ള യാത്രക്കാർക്ക് ബയോമെട്രിക് പാതയിൽ രജിസ്റ്റർ ചെയ്യാം