കലഞ്ഞൂരില്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ തുറന്നു.

കലഞ്ഞൂരില്‍ സപ്ലൈകോ സൂപ്പര്‍ സ്റ്റോര്‍ തുറന്നു.

കേരളത്തിലെ അവശ്യവസ്തുക്കളുടെ വിലനിയന്ത്രണത്തില്‍ സപ്ലൈകോയുടെ പങ്ക് വലുതാണെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ പറഞ്ഞു. കലഞ്ഞൂരില്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സപ്ലൈകോ സൂപ്പര്‍ സ്‌റ്റോറിന്റെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ വിലക്കയറ്റം ഏറുമ്പോഴും കേരളത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നത് കമ്പോളത്തിലെ സപ്ലൈകോയുടെ ഇടപെടല്‍ കാരണമാണ്. കുത്തക കമ്പനികള്‍ കേരളത്തില്‍ വിപണി കണ്ടെത്താന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ റേഷന്‍ പൊതുവിതരണ രംഗത്ത് ജനങ്ങളുടെ അത്താണിയായ സപ്ലൈകോയ്ക്ക് കൂടുതല്‍ കരുത്തുപകരാന്‍ കഴിയണം. അതിനായി ജനങ്ങള്‍ സബ്സിഡി ഉത്പന്നങ്ങള്‍മാത്രം വാങ്ങാതെ നോണ്‍ സബിസിഡി ഉത്പന്നങ്ങള്‍കൂടി സപ്ലൈകോ വഴി വാങ്ങാന്‍ തയാറാകണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.

അഡ്വ. കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചര്‍ ആദ്യ വില്‍പന നടത്തി. സപ്ലൈകോ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി എബ്രഹാം, കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം അരുണ്‍കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ മനോജ് കുമാര്‍, ടി.തുളസീധരന്‍, അനീഷ് ഗോപിനാഥ്, കെ.സോമന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ സി.വി. മോഹനകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!