കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടക അതിർത്തിയിൽ പരിശോധ കർശനമാക്കുന്നു. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഇന്ന് അതിർത്തി കടത്തിവിടില്ല. തിങ്കളാഴ്ച വയനാട്ടിലെ ബാവലി, മുത്തങ്ങ, കർണാടകയിലെ കുട്ട, കാസകോട്ടെ തലപ്പാടി, മെനാല, ജാൽസൂർ, സാറട്ക്ക, പാണത്തൂർ, കണ്ണൂരിലെ മാക്കൂട്ടം ചെക്കുപോസ്റ്റുകളിൽ യാത്രക്കാരെ തടഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ഉച്ചയോടെ വാഹനങ്ങളെ കടത്തിവിട്ടെങ്കിലും കോവിഡില്ലാ സർട്ടിഫിക്കറ്റ് ഇന്നുമുതൽ കർശനമാക്കുമെന്ന് കർണാടക വ്യക്തമാക്കി.
അതിർത്തി ചെക്കുപോസ്റ്റുകളിൽ പരിശോധനാ കേന്ദ്രങ്ങൾ ആരംഭിക്കുകയും മറ്റു വഴികൾ ബാരിക്കേഡുകൾകൊണ്ട് അടച്ച് പൊലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു. ഇതുവഴി കർണാടകത്തിലേക്ക് പോകാൻ 72 മണിക്കൂറിനകം എടുത്ത ആർ.ടി.പി.സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് കാണിക്കണം. പ്രശ്നം പരിഹരിക്കാൻ കേരള-കർണാടക സർക്കാർതലത്തിൽ ചർച്ച നടത്തുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ അറിയിച്ചു.