കാപ്പൻ പേരിട്ടു നാഷണലിസ്റ്റ് കോൺഗ്രസ് കേരള : പണ്ടത്തെ ഇന്ദിരാ കോൺഗ്രസ്സിന്റെ സ്ഥിതി വരുമോ ?

കാപ്പൻ പേരിട്ടു നാഷണലിസ്റ്റ് കോൺഗ്രസ് കേരള : പണ്ടത്തെ ഇന്ദിരാ കോൺഗ്രസ്സിന്റെ സ്ഥിതി വരുമോ ?

ഒടുവിൽ കാപ്പനും വെടി പൊട്ടിച്ചു. കേരളത്തിൽ കാപ്പന്റെ നേതൃത്വത്തിൽ പുതിയ പാർട്ടി പിറവിയെടുത്തു . ജന ലക്ഷങ്ങളെ സാക്ഷിയാക്കി പുതിയ പാർട്ടിക്ക് പേരിടീൽ ചടങ്ങും നടത്തി . നാഷണലിസ്റ്റ് കോൺഗ്രസ് കേരള എന്ന പേരാണ് ചരിത്ര മുഖൂർത്തത്തെ സാക്ഷിയാക്കി പ്രഖ്യാപിച്ചത് .

എന്നൊക്കെയായിരുന്നു കാപ്പന്റെ ആഗ്രഹം . പക്ഷെ പ്രതീക്ഷിച്ച ജന സാഗരമൊന്നും ഇല്ലെങ്കിലും അത്യാവശ്യം വിരലിലെണ്ണാവുന്ന കുറച്ചു പേർ സംഭവത്തിന് സാക്ഷ്യം വഹിച്ചു .
എൻ സി പി വിട്ട് യു ഡി എഫ് പാളയത്തിലേക്ക് എത്തിയ മാണി സി കാപ്പൻ പുതിയ പാർട്ടി പ്രഖ്യാപിച്ചത് ഒരു തമാശ കേൾക്കുന്ന രീതിയിലാണ് മന്ത്രി എ കെ ശശീന്ദ്രൻ പുതിയ പാർട്ടിയുടെ പേര് കേട്ടത് .

മാണി സി കാപ്പനാണ് നാഷണലിസ്റ്റ് കോൺഗ്രസ് കേരളയുടെ പ്രസിഡന്റ്. ജനറൽസെക്രട്ടറി ബാബു കാർത്തികേയനും . ദേശീയ വീക്ഷണമുള്ള ജനാധിപത്യ പാർട്ടിയായി മുന്നോട്ടുപോകുമെന്നും കാപ്പൻ വ്യക്തമാക്കി.

ഘടകകക്ഷിയായി യുഡിഎഫിലേക്ക് വരാമെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായി മാണി.സി.കാപ്പൻ പറഞ്ഞു. ഹൈക്കമാൻഡ് പ്രതിനിധികളെ കണ്ട് അദ്ദേഹം ഇക്കാര്യം അറിയിച്ചു. അതേതായാലും നന്നായി . യു ഡി എഫിന് കാപ്പനെ പാട്ടിലാക്കാൻ കണ്ണിലെണ്ണയൊഴിച്ചും കാലിലെ ചെരുപ്പ് തേഞ്ഞും പാലായിൽ കേറിയിറങ്ങി നടക്കണ്ടല്ലോ .

മാത്രമല്ല യു.ഡി.എഫിനോട് മൂന്ന് സീറ്റ് ആവശ്യപ്പെടുമെന്ന് കാപ്പന്‍ പറഞ്ഞു. അത് കുറവല്ലേ കാപ്പാ . കൂടെ നിൽക്കുന്ന എല്ലാവരെയും പരിഗണിക്കണ്ടേ ? ഓഹ് മറന്നു ഈ മൂന്ന് കിട്ടിയാൽ പോലും നിറുത്താൻ ആളുവേണ്ടേ ? ഒരു ഗമക്കങ്ങു ചോദിച്ചതായിരിക്കും .

അതുപോലെ ടി പി പീതാംബരനോടും ജോസ് മോനോടും തന്നോടൊപ്പം വരേണ്ടെന്ന് താൻ തന്നെയാണ് പറഞ്ഞത്. എൽ ഡി എഫ് തന്നോട് കടുത്ത അനീതിയാണ് കാട്ടിയത്. എൽ ഡി എഫ് 19 പാർലമെന്റ് സീറ്റിൽ തോറ്റ് വെന്റിലേറ്ററിൽ കിടക്കുമ്പോഴാണ് പാലായിൽ ജയിച്ചത്. എന്നൊക്കെ തട്ടിവിടാനും കാപ്പൻ മറന്നില്ല .

തന്റെ മുന്നണി മാറ്റത്തെ എങ്ങനേയും മാദ്ധ്യമങ്ങൾക്ക് വ്യാഖ്യാനിക്കാമെന്നും കാപ്പൻ പറഞ്ഞു.പാലാ സീറ്റ് എൽ ഡി എഫ് നിഷേധിച്ചതോടെയാണ് മാണി സി കാപ്പൻ യു ഡി എഫ് പക്ഷത്തേക്ക് ചുവടുമാറിയത്. തുടർന്ന് എൻ സി പിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

പണ്ടും കാപ്പൻ പാലം വലിച്ചു പുതിയ പാർട്ടിയുണ്ടാക്കിയിട്ടുണ്ട് . എം പി ഗംഗാധരനോടൊപ്പം ചേർന്ന് ഇന്ദിരാ കോൺഗ്രസ്സ് രൂപീകരിച്ചിരുന്നു . അത് കളഞ്ഞിട്ടാണ് എൻ സി പി യിൽ ചേർന്നത് . അതുപോലെ ഇതും ഇനി എത്രനാൾ കാണുമെന്നാണ് ജനം ചോദിക്കുന്നത് .

പാലായിൽ മത്സരിച്ചു രാവിലെ 8 മണിക്ക് തന്നെ തോറ്റു വീട്ടിൽ പോകുന്നതോടെ പുതിയ പാർട്ടിയും അവസാനിക്കും . അതാണ് നടക്കാൻ പോകുന്നത് . ഇതിനിടെ കോൺഗ്രസിൽ ചേരണമെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനടക്കമുള്ളവർ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് മേൽനോട്ട സമിതി യോഗത്തിൽ മുല്ലപ്പള്ളി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്‌തിരുന്നു.

എന്നാൽ പുതിയ പാർട്ടി രൂപീകരിച്ച് ഘടകക്ഷി ആയിട്ടു മാത്രമേ താൻ യു ഡി എഫിൽ ചേരുകയുളളൂവെന്ന നിലപാടിൽ കാപ്പൻ ഉറച്ച് നിന്നു. കോൺഗ്രസിൽ ചേരണമെന്നത് മുല്ലപ്പളളിയുടെ മാത്രം താത്പര്യമാണെന്നും കാപ്പൻ വ്യക്തമാക്കി. കോൺഗ്രസിൽ ചേരില്ലെന്ന കാര്യം ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ടെന്ന് കാപ്പൻ പറഞ്ഞു.

കാപ്പൻ കോൺഗ്രസിൽ ചേരട്ടെയെന്ന് KPCC പ്രസിഡന്റ് പറയുമ്പോൾ കാപ്പനെ ഘടക കക്ഷിയായി പരിഗണിക്കുമെന്ന് ചെന്നിത്തല പറഞ്ഞത് കാപ്പന് പ്രതീക്ഷയായി . തന്റെ കക്ഷിക്ക് 3 സീറ്റ് നൽകുമെന്ന് ഉറപ്പ് കിട്ടിയതായി കാപ്പൻ പരസ്യ പ്രസ്താവന നടത്തിയതോടെ UDF-ലും കോൺഗ്രസിലും പ്രതി സന്ധിയായി.

അതേസമയം കാപ്പൻ മറുപക്ഷത്തേക്ക് പോയതിൽ ക്ഷീണമില്ലെന്നാണ് എൻ സി പിയുടെ വിലയിരുത്തൽ. ഏതാനും ചിലർ മാത്രമാണ് കാപ്പനോടൊപ്പമുളളത്. അതു പാർട്ടിക്കു ക്ഷീണമാവില്ല. പാലാ ഉൾപ്പടെയുളള നാലു സീറ്റിലും ഇത്തവണയും മത്സരിക്കാനാവുമെന്നാണ് കരുതുന്നതെന്നും നേതൃയോഗം അഭിപ്രായപ്പെട്ടു.

Leave A Reply
error: Content is protected !!