തിരുവനന്തപുരം:സെക്രട്ടറിയേറ്റിന് മുന്നിലെ പിഎസ്സി ഉദ്യോഗാർത്ഥികളുടെ സമരം 28 ദിവസം പിന്നിട്ടപ്പോൾ ഉദ്യോഗാർത്ഥികൾ നിരാഹാര സമരം ആരംഭിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ ഉത്തരവായി ഇറങ്ങാത്തതിനാൽ ആണ് നിരാഹാര സമരം ആരംഭിച്ചത്.
കഴിഞ്ഞ ദിവസം എൽജിഎസ്, സിപിഒ റാങ്ക് ഹോൾഡേഴ്സ് ഉദ്യോഗസ്ഥതലചർച്ച നടത്തിയിരുന്നു. അനുകൂല ഉത്തരവ് ഉടൻ ഉണ്ടാകുമെന്ന് അറിയിച്ചെങ്കിലും നിയമനത്തില്‍ സര്‍ക്കാരില്‍ നിന്നു വ്യക്തമായ ഉറപ്പുകിട്ടാത്തതിനെതുടർന്നാണ് ഇപ്പോൾ നിരാഹാര സമരം ആരംഭിച്ചത്. ചർച്ചയുടെ അടിസ്ഥാനത്തിൽ ഉടൻ ഉത്തരവുണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അനുകൂല ഉത്തരവ് ഉടനില്ലെങ്കിൽ നിരാഹാര സമരം തുടങ്ങുമെന്ന് ഉദ്യോഗാര്‍ഥികൾ നേരത്തെ വ്യക്തമാക്കിയിരുന്നു. ഉദ്യോഗസ്ഥതലചർച്ച നല്ല രീതിയിൽ ആണ് അവസാനിച്ചത്. ചർച്ചയിലെ ഉറപ്പ് രേഖാമൂലം നൽകണമെന്നാണ് ഉദ്യോഗാർത്ഥികളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കിയത് ആഭ്യന്തര സെക്രട്ടറി ടി.കെ. ജോസും എ.ഡി.ജി.പി. മനോജ് എബ്രഹാമുമാണ്.