ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ യുവ പരിസ്ഥിതി പ്രവർത്തക ദിഷ രവിയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്നു വിധി പറയും. മൂന്ന് ദിവസത്തെ ജുഡീഷൽ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടർന്ന് ദിഷയെ തിങ്കളാഴ്ച ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിനുശേഷം വീണ്ടും ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.
കാർഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് ട്വിറ്ററിൽ പങ്കുവച്ച ടൂൾ കിറ്റ് രൂപ കൽപന ചെയ്തതിനാണ് 22കാരിയായ ദിഷ അറസ്റ്റിലാകുന്നത്. രാജ്യദ്രോഹകുറ്റം ചുമത്തിയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. കാലാവസ്ഥ വ്യതിയാനങ്ങൾക്കെതിരേ ഗ്രേറ്റ രൂപീകരിച്ച ഫ്രൈഡേസ് ഫോർ ഫ്യൂച്ചർ കാമ്പയിൻ എന്ന പരിസ്ഥിതി സംഘടനയുടെ ഇന്ത്യയിലെ സ്ഥാപകപ്രവർത്തകരിലൊരാളാണ് ദിഷ. കഴിഞ്ഞ ശനിയാഴ്ച ബംഗളൂരുവിലെ വീട്ടിൽ നിന്നാണ് ദിഷയെ അറസ്റ്റ് ചെയ്തത്.