വ്യാജന്മാരെ പ്രതിരോധിച്ച് ശുദ്ധമായ തേന്‍ വിപണിയില്‍ ലഭ്യമാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

വ്യാജന്മാരെ പ്രതിരോധിച്ച് ശുദ്ധമായ തേന്‍ വിപണിയില്‍ ലഭ്യമാക്കും : മന്ത്രി വി എസ് സുനില്‍കുമാര്‍

തൃശ്ശൂർ: കലര്‍പ്പുള്ള സിന്തറ്റിക് വ്യാജ തേനുകളുടെ വിപണനം ശക്തമായി പ്രതിരോധിച്ച് പ്രകൃതിദത്തമായി ഉല്‍പാദിപ്പിക്കുന്ന തേന്‍ വിപണിയില്‍ ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും സംസ്ഥാന നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പും സംയുക്തമായി നടത്തുന്ന പച്ചതേന്‍ സംഭരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. തൃശൂര്‍ കേരള സാഹിത്യ അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എം കെ വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു.

തേനീച്ച വളര്‍ത്തല്‍ സംസ്ഥാന നോഡല്‍ ഏജന്‍സിയായ ഹോര്‍ട്ടികോര്‍പ്പും കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡും സംയുക്തമായാണ് പച്ചതേന്‍ സംഭരണപദ്ധതി നടപ്പാക്കുന്നത്. ഖാദി ബോര്‍ഡിന്റെ തേനീച്ച വളര്‍ത്തല്‍ പദ്ധതിയില്‍ തിരഞ്ഞെടുക്കപ്പെട്ട തേനീച്ച കര്‍ഷകരില്‍ നിന്നും തേന്‍ സംഭരിച്ച് ‘കേരള ഹണി’ എന്ന ബ്രാന്റില്‍ ശുദ്ധമായ തേന്‍ ലഭ്യമാക്കുകയാണ് സംയുക്ത പദ്ധതിയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പ്രകൃതിദത്തവും കലര്‍പ്പില്ലാത്തതുമായ കേരള ഹോര്‍ട്ടികോര്‍പ്പിന്റെ അമൃത് എന്ന തേനും കേരള ഖാദിഗ്രാമ വ്യവസായ ബോര്‍ഡിന്റെ നറുതേനുമാണ് പദ്ധതി പ്രകാരം ‘കേരള ഹണി’ എന്ന ബ്രാന്റില്‍ വിപണിയില്‍ ലഭ്യമാക്കുക.

പദ്ധതിയുടെ ഭാഗമായി കൃഷിഭവനുകള്‍ക്ക് കീഴിലെ 3200 ഓളം തേന്‍ ഉല്‍പ്പാദക കര്‍ഷകരുടെ രജിസ്‌ട്രേഷന്‍ നടന്നു വരികയാണ്. ഇങ്ങനെ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ച തേന്‍ ഉല്‍പ്പാദക കര്‍ഷകരില്‍ നിന്നും കൃഷിഭവനുകളോ, ബ്ലോക്ക് പഞ്ചായത്തുകളോ, ജില്ലാകേന്ദ്രങ്ങള്‍ മുഖേനയോ നിശ്ചിത സമയത്തിനുള്ളില്‍ തേന്‍ സംഭരിക്കുന്നതിനാണ് തീരുമാനം. ഇങ്ങനെ ശേഖരിക്കുന്ന തേന്‍ കൃത്യസമയത്ത് ഗുണനിലവാരം പരിശോധിച്ച് മറ്റ് പ്രക്രിയകള്‍ക്ക് വിധേയമാക്കി ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് മുഖേന ‘കേരള ഹണി’ എന്ന ബ്രാന്റില്‍ വിപണിയില്‍ ലഭ്യമാക്കും. എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനാവശ്യമായ ഡയാസ്ടറിന്റെ അളവ് 7 മുതല്‍ 11 ശതമാനം വരെയുള്ള തേനാണ് കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ലോക നിലവാരത്തില്‍ തന്നെ 1 മുതല്‍ 3 ശതമാനം മാത്രമാണ് മറ്റിടങ്ങളില്‍ ഇത് ഉല്‍പാദിപ്പിക്കുന്നത്.

നിലവില്‍ കേരളത്തില്‍ തേന്‍ ഉല്‍പാദന രംഗത്തെ 20 ശതമാനം സാധ്യത മാത്രമേ ഉപയോഗപ്പെടുത്തുന്നുളളൂ. ഇതിനെ 100 ശതമാനത്തിലേക്ക് ഉയര്‍ത്തുകയും സംസ്ഥാനത്ത് അധികം ശ്രദ്ധിക്കപ്പെടാത്ത തേന്‍ ഉല്‍പാദന മേഖലയെ പ്രോത്സാഹിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഹോര്‍ട്ടി കോര്‍പ്പിന്റെ നേതൃത്വത്തില്‍ മാവേലിക്കരയില്‍ ഹണി പാര്‍ക്ക് ആരംഭിക്കുകയും തേന്‍ – വാഴപ്പഴം എന്നിവയെ അടിസ്ഥാനമാക്കി മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിന് കണ്ണാറയില്‍ 1 ലക്ഷം ചതുരശ്ര അടിയില്‍ അഗ്രോ പാര്‍ക്ക് ഒരുക്കുകയും ചെയ്തത്.

ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭനാ ജോര്‍ജ് മുഖ്യാതിഥിയായി. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ ഖാദി ബോര്‍ഡ് തൊഴിലാളികള്‍ക്ക് കോവിഡ് സാന്ത്വന സഹായ വിതരണം നല്‍കി. തൃശൂര്‍ കോര്‍പ്പറേഷന്‍ 12-ാം ഡിവിഷന്‍ കൗണ്‍സിലര്‍ റെജി ജോയ്, ഖാദി ബോര്‍ഡ് ഭരണകാര്യ ഡയറക്ടര്‍ കെ എസ് പ്രദീപ് കുമാര്‍, ഖാദി ബോര്‍ഡ് ഗ്രാമവ്യവസായ ഡയറക്ടര്‍ ചാന്ദ്‌നി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഹോര്‍ട്ടികോര്‍പ്പ് ചെയര്‍മാന്‍ ടി ജി വിനയന്‍ സ്വാഗതവും പ്രൊജക്ട് ഓഫീസര്‍ പി ആര്‍ ഷിബു നന്ദിയും പറഞ്ഞു.

Leave A Reply
error: Content is protected !!