കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാലും മുൻകരുതൽ നടപടികൾ തുടരണമെന്ന് യു.എ.ഇ. ആരോഗ്യ ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. മുഖാവരണം, കൈയ്യുറ, സാമൂഹിക അകലം, കൈകഴുകൽ തുടങ്ങി എല്ലാ നടപടികളും കൃത്യമായി പാലിക്കണം.
മറ്റ് വാക്സിനുകളുടെ സ്വഭാവം പോലെതന്നെ കോവിഡ് വാക്സിൻ വൈറസ് പകരാനുള്ള സാധ്യതയെ പൂർണമായും ഇല്ലാതാക്കുന്നില്ലെന്ന് യു.എ.ഇ. സർക്കാർ ആരോഗ്യ അധികാരികളുടെ ഔദ്യോഗിക വക്താവും അബുദാബി പബ്ലിക് ഹെൽത്ത് സെന്ററിലെ കമ്യൂണിക്കബിൾ ഡിസീസസ് മാനേജരുമായ ഡോ.ഫരീദ അൽ ഹൊസാനി പറഞ്ഞു. വൈറസ് പകരാനുള്ള സാധ്യത കോവിഡ് വാക്സിൻ വളരെ കുറയ്ക്കും. വൈറസ് മൂലമുണ്ടാകുന്ന കടുത്ത സങ്കീർണതകളും കുറയ്ക്കും.
വാക്സിനെടുത്ത ചെറിയ ശതമാനം ആളുകളിൽ നേരിയ ലക്ഷണങ്ങളോടെ എന്നാൽ കഠിനമല്ലാത്ത രീതിയിൽ രോഗം പിടിപെടാനും സാധ്യതയുണ്ട്. അതൊഴിവാക്കാനാണ് വാക്സിൻ സ്വീകരിച്ചാലും എല്ലാ കോവിഡ് പ്രതിരോധ നടപടികളും പിന്തുടരണമെന്ന് അഭ്യർഥിക്കുന്നതെന്ന് അൽ ഹൊസാനി വ്യക്തമാക്കി.