പരിശീലനത്തിനുവേണ്ടിയുള്ള യാത്രയ്ക്കിടെ തന്നെ അപമാനിച്ചുവെന്ന ഇന്ത്യയുടെ യുവ ഷൂട്ടിങ് താരം മനു ഭക്കറുടെ പരാതി നിഷേധിച്ച് എയര്‍ ഇന്ത്യ അധികൃതര്‍. മനു ഭക്കറോട് നിയമാനുസൃതമുള്ള രേഖകള്‍ മാത്രമാണ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വിശദീകരിച്ചു.പരിശീലനത്തിനായി അമ്മയ്ക്കൊപ്പം ഭോപ്പാലിലേയ്ക്ക് പോകുംവഴിയാണ് ന്യൂഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് താന്‍ അപമാനിക്കപ്പെട്ടതായി മനു ഭക്കര്‍ ആരോപിച്ചത്.
ഉദ്യോഗസ്ഥര്‍ തന്റെ പക്കല്‍ നിന്ന് പതിനായിരം രൂപ ആവശ്യപ്പെട്ടുവെന്നും തന്റെ ഫോണ്‍ തട്ടിപ്പറിച്ചുവെന്നും ട്വിറ്ററിലൂടെ മനു ഭക്കര്‍ ആരോപിച്ചിരുന്നു. പിന്നീട് താരത്തിന്റെ പരാതി ശ്രദ്ധയില്‍ പെട്ട കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു ഇടപെട്ടാണ യാത്ര പുനരാരംഭിക്കാനായത്.
ഇപ്പോള്‍ താരം പറഞ്ഞ ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് എയര്‍ ഇന്ത്യ വിശദീകരിക്കുന്നത്. വിമാനത്താവളത്തിലെ സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചശേഷമാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.