തെരുവിലിട്ട് തല്ലിക്കൊല്ലല്‍ കേരളത്തില്‍ പറ്റില്ല; നേതാക്കൾ യോഗിക്ക് പറഞ്ഞ് കൊടുക്കണം; വിജയരാഘവന്‍

തെരുവിലിട്ട് തല്ലിക്കൊല്ലല്‍ കേരളത്തില്‍ പറ്റില്ല; നേതാക്കൾ യോഗിക്ക് പറഞ്ഞ് കൊടുക്കണം; വിജയരാഘവന്‍

മലപ്പുറം: ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗിയുടെ ഉത്തര്‍പ്രദേശെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍.  പശുവിന്റെ പേരില്‍ ദളിതരെ അക്രമിക്കുക, മുസ്‌ലിം ജനവിഭാഗങ്ങളെ തെരുവിലിട്ട് തല്ലിക്കൊല്ലുക അത്തരം സാഹചര്യങ്ങളാണ് യു.പിയിലുള്ളതെന്നും അതൊന്നും കേരളത്തില്‍ പറ്റില്ല എന്ന കാര്യം കേരളത്തിലെ ബി.ജെ.പി നേതാക്കന്മാര്‍ ഒഴിവുള്ളപ്പോള്‍ യോഗി ആദിത്യനാഥിന് പറഞ്ഞുകൊടുക്കുന്നത് നന്നായിരിക്കുമെന്നും വിജയരാഘവന്‍ പറഞ്ഞു.

ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ അരക്ഷിതരായി കഴിയുന്ന സംസ്ഥാനമാണ് യോഗിയുടെ ഉത്തര്‍പ്രദേശെന്ന് എ.വിജയരാഘവന്‍ പറഞ്ഞു. പെട്രോള്‍ വില, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങളെ ബാധിക്കുന്ന ഒരു പ്രശ്നങ്ങളേയും കുറിച്ച് പരാമര്‍ശിക്കാതെയാണ് ബി.ജെ.പി നേതാക്കള്‍ ലൗ ജിഹാദ് പോലത്തെ ഇല്ലാത്ത കാര്യങ്ങളെ കുറിച്ചും മറ്റും പറയുന്നതെന്നും വിജയരാഘവന്‍ കുറ്റപ്പെടുത്തി. എല്‍.ഡി.എഫ് വികസന മുന്നേറ്റ ജാഥയ്ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജി.എസ്.ടി എന്നാല്‍ ഫെഡറലിസത്തെ തകര്‍ക്കുന്ന ഒരു ഏര്‍പ്പാടാണ്. പെട്രോളിന് വില വര്‍ധിപ്പിച്ച് അതുംകൂടി പിടിച്ചെടുക്കാനാണ് ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രം പറയുന്നത്. ആ തന്ത്രത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന് വീഴാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലുള്ളത് പ്രോ ബി.ജെ.പി കോണ്‍ഗ്രസാണ്. ഓരോ സംസ്ഥാനത്തും അവിടുത്തെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സമീപനത്തില്‍ വ്യത്യാസമുണ്ടാകും. സര്‍വേകള്‍ കണ്ട് കുഴിയില്‍ ചാടാന്‍ ഇടതുപക്ഷം തുനിയില്ല. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുമെന്നും വിജയരാഘവന്‍ കൂട്ടിച്ചേര്‍ത്തു.

Leave A Reply
error: Content is protected !!