മുംബൈ: കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ഒരു മന്ത്രിക്ക് കൂടി കോവിഡ്. മന്ത്രിയും എൻ.സി.പി നേതാവുമായ ഛാഗൻ ബുജ്പാലിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗവിവരം ട്വിറ്ററിലുടെ അദ്ദേഹംതന്നെ പങ്കുവെക്കുകയായിരുന്നു.
അതെ സമയം കഴിഞ്ഞ ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം നിർദേശിച്ചു. തന്റെ ആരോഗ്യനില തൃപ്തികരമാണെന്നും എല്ലാവരും ജാഗ്രത പുലർത്തണമെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെയായി മഹാരാഷ്ട്രയിൽ നിരവധി മന്ത്രിമാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് രോഗബാധിതരുടെ എണ്ണവും സംസ്ഥാനത്ത് കുതിച്ചുയർന്നിരുന്നു. തിങ്കളാഴ്ച മുതൽ രാഷ്ട്രീയ, സാമൂഹിക കൂടിച്ചേരലുകൾ ചേരലുകൾ ഇതോടെ നിരോധിച്ചു.ഞായറാഴ്ച മഹാരാഷ്ട്രയിൽ 7000ത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
അതെ സമയം രണ്ടാഴ്ചക്കിടെ കോവിഡ് ബാധിതരുടെ എണ്ണം കുതിർച്ചുയർന്നാൽ ലോക്ഡൗൺ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .