മുംബൈ: മഹാരാഷ്ട്രയിൽ പെൺകുട്ടികളെ അപമാനിച്ച സംഭവത്തിൽ ആൺകുട്ടികളെ വിവസ്ത്രരാക്കി മർദിച്ചു. പെൺകുട്ടികൾ കടന്നുപോകുന്ന വഴിയിലിരുന്ന് അശ്ലീലം പറയുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തെന്നാരോപിച്ച് മൂന്ന് ആൺകുട്ടികളെയാണ് വിവസ്ത്രരാക്കി മർദിച്ചത് . മഹാരാഷ്ട്രയിൽ ചിഞ്ച്പഡ പ്രദേശത്താണ് സംഭവം. ആൺകുട്ടികളെ വിവസ്ത്രരാക്കി മർദിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പ്രതിയെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ ഖോപാഡി ആശപ്പ ഗുണ്ടെ എന്ന ബാബുവാണ് അറസ്റ്റിലായത്. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയായിരുന്നു ബാബുവിെൻറ അതിക്രമം. ഇവർ മൊബൈൽ ഫോൺ ഉപയോഗിച്ച് രംഗം വിഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. വിഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായതോടെയാണ് പൊലീസ് രംഗത്തെത്തിയത്.
പെൺകുട്ടികളുടെ കുടുംബങ്ങൾ തന്നോട് പരാതിപ്പെടുകയായിരുന്നുവെന്ന് ബാബു പൊലീസിനോട് പറഞ്ഞു. പരാതി കേട്ടതോടെ ആൺകുട്ടികളെ പാഠം പഠിപ്പിക്കാൻ തീരുമാനമെടുത്തതായി ബാബു പറഞ്ഞു. അതെ സമയം ബാബുവിന്റെ സഹായികളെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.