കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താൻ ‘മഴവില്ല്’ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

കുട്ടികളിൽ ശാസ്ത്ര അവബോധം വളർത്താൻ ‘മഴവില്ല്’ പദ്ധതി ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

പ്രായോഗിക പരിശീലനത്തിലൂടെ വിദ്യാർത്ഥികളിൽ ശാസ്ത്രബോധം വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ -ഡിസ്ക്) ഒരുക്കുന്ന മഴവില്ല് പദ്ധതിയുടെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും. തുടർന്ന് മുണ്ടൂർ ഐ.ആർ ടി.സിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല ഉദ്ഘാടനം വൈകിട്ട് 5.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിക്കും.

പ്രായോഗിക പരിശീലനങ്ങളിലൂടെയും വിശകലനങ്ങളിലൂടെയും ആറു വയസ്സു മുതൽ 12 വയസ്സു വരെയുള്ള വിദ്യാർഥികളിൽ ശാസ്ത്രബോധം വളർത്തുകയാണ് പദ്ധതി ലക്ഷ്യം. ജില്ലയിലെ മുണ്ടൂർ ഐ.ആർ.ടി.സി പരിധിയിലെ ഒന്നര കിലോമീറ്റർ ചുറ്റളവിലുള്ള 50 കുട്ടികളെയാണ് ആദ്യഘട്ടത്തിൽ പദ്ധതിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ഒരു വർഷത്തിൽ 270 പഠന ദിവസങ്ങൾ പദ്ധതിയിലൂടെ നൽകും. പദ്ധതിയുടെ ഏകോപനത്തിനായി പ്രദേശത്ത് നിന്നും അഞ്ച് വളണ്ടിയർമാരെയും തിരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികളിൽ ഗണിത ശാസ്ത്ര പഠനം രസകരമാക്കുന്നതിന് ആവിഷ്കരിച്ച മഞ്ചാടി പദ്ധതി വിജയമായതിനെ തുടർന്നാണ് ശാസ്ത്രപഠനം രസകരമാക്കുകയെന്ന ലക്ഷ്യത്തോടെ മഴവില്ല് പദ്ധതിക്ക് രൂപം നൽകിയത്. ആദ്യ ഘട്ടത്തിൽ സംസ്ഥാനത്ത് അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുക. ജില്ലയിൽ മുണ്ടൂർ ഐ.ആർ ടി.സിയുടെ പരിധിയിൽ ഉൾപ്പെടുന്ന മുണ്ടൂർ പഞ്ചായത്തിലെ രണ്ട് വാർഡുകൾ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ ഒരു വാർഡിൽ നിന്നുള്ള കുട്ടികളെയാണ് പദ്ധതിയ്ക്കായി തിരഞ്ഞെടുത്തത്.

മുണ്ടൂർ ഐ.ആർ.ടി.സി യിൽ വൈകിട്ട് 5.30 ന് നടക്കുന്ന ജില്ലാതല പരിപാടിയിൽ മുണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി സജിത അധ്യക്ഷയാകും. മുണ്ടൂർ, പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, ഐ.ആർ.ടി.സി ഉദ്യോഗസ്ഥർ, കെ – ഡിസ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും

Leave A Reply
error: Content is protected !!