ആഴക്കടൽ മത്സ്യബന്ധനം: രേഖകൾ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു

ആഴക്കടൽ മത്സ്യബന്ധനം: രേഖകൾ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു

തിരുവനന്തപുരം: വിവാദം ഉയർന്നതോടെ ആഴക്കടൽ മത്സ്യബന്ധന കരാറുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അപ്രത്യക്ഷമായി.

ആഴക്കടൽ മത്സ്യബന്ധനത്തിന് ട്രോളർ നിർമിക്കാൻ സ്വകാര്യ കമ്പനിയായ ഇ.എം.സി.സി.യുമായി ഒപ്പുവച്ച ധാരണാപത്രവും അനുബന്ധരേഖകളുമാണ് വിവാദം ഉയർന്നതിന് പിന്നാലെ ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ വെബ്‌സൈറ്റിൽനിന്നും നീക്കം ചെയ്തിരിക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.

കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനും (കെ.എസ്.ഐ.എൻ.സി.) സ്വകാര്യ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതുസംബന്ധിച്ച പത്രക്കുറിപ്പ് മാത്രമാണ് ഇപ്പോൾ വെബ്‌സൈറ്റിലുള്ളത്. കെ.എസ്.ഐ.എൻ.സി. എം.ഡി. എൻ. പ്രശാന്തും ഇ.എം.സി.സി ഇന്റർനാഷണൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റ് ഷാജു വർഗീസുമാണ് ധാരണാപത്രം ഒപ്പിട്ടിട്ടുള്ളത്.

400 ആഴക്കടൽ ട്രോളറുകൾ നിർമിക്കുന്നതിന് പുറമേ ഏഴു തുറമുഖങ്ങളുടെ വികസനവുമാണ് 2950 കോടി രൂപയുടെ പദ്ധതിയിലുള്ളത്. ട്രോളറുകൾ ഒന്നിന് രണ്ടുകോടി രൂപയാണ് മുതൽമുടക്ക്. ഇവയിൽ തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾക്ക് ജോലി നൽകാമെന്നാണ് വ്യവസ്ഥ. വിദേശ നിർമിത ട്രോളറുകളെ ആശ്രയിക്കുന്നത് ഒഴിവാക്കാനാണ് തദ്ദേശീയ നിർമാണം.

സംസ്ഥാനത്ത് മത്സ്യസംസ്കരണ യൂണിറ്റുകളും കമ്പനി സ്ഥാപിക്കും. 200 കേന്ദ്രങ്ങളിലൂടെ ഉത്പന്നങ്ങൾ വിറ്റഴിക്കുകയും ശേഷിക്കുന്നവ കയറ്റി അയയ്ക്കുകയും ചെയ്യും. സെൻട്രൽ മറൈൻ ഇൻസ്റ്റിറ്റ്യൂട്ടിന് ഒരു ട്രോളർ കൈമാറാനും വ്യവസ്ഥയുണ്ട്.

മത്സ്യത്തൊഴിലാളികൾക്കുവേണ്ടി ആശുപത്രികളും സജ്ജീകരിക്കും. ധാരണാപത്രത്തെ അടിസ്ഥാനമാക്കിയാണ് കെ.എസ്.ഐ.എൻ.സിയുടെ പത്രക്കുറിപ്പ്. ഇ.എം.സി.സിയുടെ ഭക്ഷ്യസംസ്കരണ യൂണിറ്റിന് ഭൂമി കൈമാറിയത് സംബന്ധിച്ച് കെ.എസ്.ഐ.ഡി.സിയുടെ രേഖകളും വെബ്‌സൈറ്റിൽനിന്ന്‌ നീക്കം ചെയ്തിട്ടുണ്ട്.

Leave A Reply
error: Content is protected !!