ആലപ്പുഴ ജില്ലാപഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌ക്കാരം

ആലപ്പുഴ ജില്ലാപഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്‌ക്കാരം

ആലപ്പുഴ: ആരോഗ്യ മേഖലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നടത്തി വരുന്ന വേറിട്ട പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ആര്‍ദ്രം മിഷന്‍ നല്‍കുന്ന ആര്‍ദ്ര കേരളം പുരസ്‌ക്കാരം കരസ്ഥമാക്കി ആലപ്പുഴ ജില്ലാ പഞ്ചായത്ത്. 2018-19 വര്‍ഷം നടത്തിയ ആരോഗ്യ അനുബന്ധ പ്രവര്‍ത്തനങ്ങളും മാവേലിക്കര ജില്ലാ ആശുപത്രി, ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രി, ആലപ്പുഴ ജില്ലാ ആയൂര്‍വ്വേദ ആശുപത്രി, ജില്ലാ ഹോമിയോ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും പരിശോധിച്ചാണ് അവാര്‍ഡ് നല്‍കിയത്. ജില്ലാ പഞ്ചായത്ത് നടത്തിയ സഞ്ചരിക്കുന്ന കാന്‍സര്‍ നിര്‍ണ്ണയവും തുടര്‍ ചികിത്സ ഉറപ്പ് വരുത്തലും, ജില്ലയിലെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും അംഗീകൃത പാലിയേറ്റീവ് കെയര്‍ സൊസൈറ്റികള്‍ക്കും ഉപകരണങ്ങള്‍ വാങ്ങി നല്‍കല്‍ എന്നീ നൂതന പദ്ധതികളും അവാര്‍ഡിനായി പരിഗണിച്ചിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രികളില്‍ രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള ചികിത്സാ സൗകര്യങ്ങളും രോഗീ സേവന പദ്ധതികളും മരുന്ന് ലഭ്യതയും പരിഗണിച്ചായിരുന്നു അവാര്‍ഡ് നിര്‍ണ്ണയം. 2018-19 ല്‍ മാവേലിക്കര ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.04 കോടി രൂപയും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 95 ലക്ഷം രൂപയും ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 2.35 കോടി രൂപയും ജില്ലാ ഹോമിയോ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്കായി 21 ലക്ഷം രൂപയുമാണ് ജില്ലാ പഞ്ചായത്ത് ചെലവഴിച്ചത്. ആര്‍ദ്രം പദ്ധതി പ്രകാരം പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് 90 ലക്ഷം രൂപയും നൂതന പദ്ധതികളായ കാന്‍സര്‍ നിര്‍ണ്ണയ യൂണിറ്റിനായി അഞ്ച് ലക്ഷം രൂപയും പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 73 ലക്ഷം രൂപയും ചെലവഴിച്ചിരുന്നു.

Leave A Reply
error: Content is protected !!