കേരള ഡിജിറ്റൽ സർവകലാശാല; ഗവർണർ ഉദ്ഘാടനം നിർവഹിച്ചു

കേരള ഡിജിറ്റൽ സർവകലാശാല; ഗവർണർ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം:  ഡിജിറ്റൽ രംഗത്തെ രാജ്യത്തെ ആദ്യ സർവകലാശാലയായ കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ് ഇന്നൊവേഷൻ ആന്റ് ടെക്‌നോളജി തിരുവന്തപുരം ടെക്നോസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു. ഡിജിറ്റൽ രംഗത്തെ വിവിധ മേഖലകളിൽ ബിരുദാനന്തര പഠനത്തിനും ഗവേഷണത്തിനുമാണ് സർവകലാശാല പ്രധാന്യം നൽകുന്നത്. ഡിജിറ്റൽ രംഗത്തെ ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളിലെ കോഴ്സുകളാണ് സർവകലാശാല നടത്തുക.

ആദ്യഘട്ടത്തിൽ സ്‌കൂൾ ഓഫ് ഡിജിറ്റൽ സയൻസ്, സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനിയറിങ്, സ്‌കൂൾ ഓഫ് ഇലക്ട്രോണിക് സിസ്റ്റം ആന്റ് ഓട്ടോമേഷൻ, സ്‌കൂൾ ഓഫ് ഇൻഫർമാറ്റിക്‌സ്, സ്‌കൂൾ ഓഫ് ഡിജിറ്റൽ ഹ്യുമാനിറ്റി ആന്റ് ലിബറൽ ആർട്സ് കോഴ്സുകളാണ്  ആരംഭിക്കുന്നത്. രാജ്യത്തിനകത്തും വിദേശത്തുമുള്ള പ്രമുഖ അക്കാദമിക് സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളുമായി ഡിജിറ്റൽ സർവകലാശാല സഹകരിക്കും. ബ്ലോക്ക് ചെയിൻ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി, ബിഗ് ഡാറ്റാ അനലറ്റിക്സ്, ബയോ കമ്പ്യൂട്ടിംഗ്, ജിയോ സ്‌പെഷ്യേൽ അനലറ്റിക്സ് തുടങ്ങിയ വിഷയങ്ങളിൽ പ്രത്യേക പഠന കേന്ദ്രങ്ങളും സർവകലാശാല വിഭാവനം ചെയ്യുന്നു.

ഡിജിറ്റൽ സർവകലാശാലയുടെ ഉദ്്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓൺലൈനായി നിർവഹിച്ചു. ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ മിഷന്റെ ചുമതല ഡിജിറ്റൽ സർവകലാശാലയെ ഏൽപ്പിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ചെറുപ്പക്കാരുടെ ഭാവിയെ ഉദ്ദേശിച്ചുള്ള പ്രധാന ചുവട്വെയ്പാണ് ഡിജിറ്റൽ സർവകലാശാല. നിലവിലുള്ള മാനവ വിഭവശേഷിയുടെ ശാക്തീകരണത്തിനായി ഹ്രസ്വകാല നൈപുണ്യ വികസന പരിപാടികൾക്കും ദീർഘകാല ഡിപ്ലോമ കോഴ്സുകൾക്കും സർവകലാശാല ഊന്നൽ നൽകും.

ഉന്നതവിദ്യാഭ്യാസ മേഖലയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ തുടർച്ചയാണ് ഡിജിറ്റൽ വിദ്യാഭ്യാസരംഗത്തെ കാലോചിതമായ മാറ്റം. കേരളത്തെ വിജ്ഞാനാധിഷ്്ഠിത സമൂഹമാക്കി മാറ്റാൻ ഉന്നത വിദ്യാഭ്യാസ മേഖലയിൽ വലിയതോതിലുള്ള ഇടപെടലുകളാണ് സർക്കാർ നടത്തുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും വിപ്ലവകരമായ മാറ്റങ്ങളാണുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!