പപ്പടത്തില്‍ പോലും ജാതി, ശ്രദ്ധപിടിച്ചുപറ്റിയ അറ്റെന്‍ഷന്‍ പ്ലീസ്

പപ്പടത്തില്‍ പോലും ജാതി, ശ്രദ്ധപിടിച്ചുപറ്റിയ അറ്റെന്‍ഷന്‍ പ്ലീസ്

കൊച്ചി: സിനിമയില്‍ എത്രശ്രമിച്ചിട്ടും ഒരു തുടക്കമിടാന്‍ പോലും പറ്റാത്തതിന്റെ കട്ടക്കലിപ്പും നിരാശയും. താമസിക്കുന്ന വീടും ടെറസും പിന്നെ എട്ടുദിവസവും. ജിതിന്‍ ഐസക്ക് തോമസും സംഘവും തുറന്നത്  സമകാലിക സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ജാതിചിന്ത, വര്‍ണവെറി എന്നിവയ്‌ക്കെതിരെയുള്ള പോരാട്ട മുഖം.

സരിത തിയേറ്ററില്‍ വെള്ളിയാഴ്ച പ്രദര്‍ശിപ്പിച്ച അറ്റെന്‍ഷന്‍ പ്ലീസ് എന്ന സിനിമ തുടക്കത്തില്‍ കൂളായി മന്ദഹാസത്തോടെയും പിന്നീട് പൊട്ടിച്ചിരിച്ചും കണ്ടുകൊണ്ടിരുന്ന പ്രേക്ഷകരെ പിന്നീട് ഭയത്തിന്റെയും ആകാംഷയുടെയും മുള്‍മുനയില്‍ നിര്‍ത്തി സംവിധായകന്‍. ഇനി എന്ത് സംഭവിക്കും എന്ന ചിന്തയില്‍ അടുത്ത രംഗത്തിനായി കാത്തിരിക്കുന്നവര്‍ക്ക് മുന്നിലേക്ക് ചാട്ടുളി പോലെ ജാതിചിന്തയ്‌ക്കെതിരെയുള്ള ശക്തമായ നിലപാട് പ്രഖ്യാപനങ്ങള്‍. അത് കണ്ട് അതുമായി താദാമ്യം പ്രാപിക്കാതെ രക്ഷയില്ല പ്രക്ഷകന്. നിങ്ങള്‍ക്കതുമായി യോജിക്കാം. വിയോജിക്കാം. പക്ഷേ കാണാതിരിക്കാനാവില്ല. അവഗണിക്കാനുമാകില്ല. അത്ര ഭംഗിയായി, ബുദ്ധിപരമായി ആഖ്യാനം ചെയ്തിരിക്കുകയാണ്, രംഗവല്‍ക്കരിച്ചിരിക്കുയാണ് സംവിധായകന്‍.

ആത്മമിത്രങ്ങളായ മധ്യവര്‍ഗ പശ്ചാത്തലമുള്ള അഞ്ചുപേര്‍. സിനിമയില്‍ എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് അതി തീവ്രമായി ആഗ്രഹിക്കുന്നവര്‍. കുടംബം പോറ്റാന്‍ മോഹങ്ങള്‍ ഉപേക്ഷിച്ച് ഓരോരോ ജോലി ചെയ്തുകൊണ്ട് ജീവിച്ചുമരിച്ചുകൊണ്ടിരിക്കുന്ന നാലുപേര്‍. അവര്‍ക്കിടയില്‍ സ്വന്തം സിനിമ മോഹങ്ങളെ കൈവിടാതെ കൊണ്ടുനടക്കുന്ന നായകര്‍. അയാളെ മറ്റ് നാലുപേര്‍ ജാതിയില്‍ താഴ്ന്നതുകൊണ്ടു മാത്രം തന്നെ വലിച്ചുതാഴെയിടാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു എന്ന് നായകന്‍ സംശയിക്കുന്നിടത്ത് സിനിമയുടെ ഗതിമാറുന്നു. ആ തോന്നല്‍ സംശയം മാത്രമല്ല എന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്താന്‍ സംവിധായകന്‍ വിജയിച്ചതോടെ നായകനൊപ്പം പ്രേക്ഷകനും കൈ ഉയര്‍ത്തി നില്‍ക്കുന്നു.

പരിമിതമായ സൗകര്യങ്ങള്‍ ഉപയോഗിച്ച് വെറും എട്ടുദിവസം കൊണ്ട് ചിത്രീകരിച്ച ഈ സിനിമയെ ഒരിക്കലും ഒരു ചെറിയ സിനിമ എന്ന് വിളിക്കാന്‍ ആവില്ല, അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ ചൂടും അത് പ്രേക്ഷകനിലേക്ക് എത്തിക്കാന്‍ സ്വീകരിച്ച ആഖ്യാന മികവും കണക്കിലെടുക്കുമ്പോള്‍ എന്ന് പ്രേക്ഷകര്‍ എഴുതിയിടുന്നു. സംവിധായകന്റേതു തന്നെയാണ് തിരക്കഥയും. നിര്‍മ്മാണം കെ.എസ് ഹരികുമാര്‍. വിഷ്ണു ഗോവിന്ദിന്റെ അഭിനയ ജീവിതത്തിന് മുതല്‍കൂട്ടാകുന്ന നടനം. ഹരി ശ്രീജിത്ത്, ജിതിന്‍ ആനന്ദ് മന്‍മഥന്‍, ആതിര കല്ലിങ്കല്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ക്യാമറ ഹിമല്‍ മോഹന്‍. എഡിറ്റര്‍ ഹിമല്‍ മോഹന്‍. സംഗീതം അരുണ്‍ വിജയ്.

Leave A Reply
error: Content is protected !!