തിരുവനന്തപുരം: മനസാക്ഷിയുണ്ടെങ്കിൽ സംസ്ഥാനത്തെ പെട്രോൾ വിലയിൽ നികുതി കുറച്ച് പത്ത് രൂപയുടെ കുറവെങ്കിലും വരുത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ഇന്ധനത്തെ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ കേരളം തയാറാകാത്തതാണ് വില കൂടാൻ കാരണം.
ജിഎസ്ടിയിൽ പെട്രോളിനെ ഉൾപ്പെടുത്താൻ കേരളം തയ്യാറാണോയെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കണമെന്നും പെട്രോൾ വിലയിൽ സംസ്ഥാന നികുതിയാണ് കേന്ദ്ര നികുതിയേക്കാൾ കൂടുതലെന്നും സുരേന്ദ്രൻ പറഞ്ഞു. നിയസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് സർക്കാർ കടുംവെട്ട് നിർത്തണം. ആഴക്കടലിൽ മേഴ്സിക്കുട്ടിയമ്മ നടത്തിയ അഴിമതി ഈ കടുംവെട്ടിൻ്റെ ഭാഗമാണ്. കേരളത്തിൽ സർവ്വത്ര അഴിമതിയാണ്. പ്രതിപക്ഷത്തിരിക്കുന്ന യുഡിഎഫിന് അഴിമതിയെ കുറിച്ച് സംസാരിക്കാനാവില്ല. അഴിമതി കാരണമാണ് അവർ ഭരണത്തിൽ നിന്ന് പുറത്ത് പോയത്. സുരേന്ദ്രൻ പറഞ്ഞു.