കോഴിക്കോട്: പകല്‍ താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴില്‍ സമയം ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 30 വരെ പുനഃക്രമീകരിച്ച് ലേബര്‍ കമീഷണര്‍ ഉത്തരവിറക്കി.
പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ വിശ്രമ വേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ ഏഴുമുതല്‍ വൈകീട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളില്‍ എട്ടു മണിക്കൂറായി നിജപ്പെടുത്തി. രാവിലെയും ഉച്ചക്കുശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലിസമയം യഥാക്രമം ഉച്ചക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകീട്ട് മൂന്നു മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചതായും ജില്ല ലേബര്‍ ഓഫിസര്‍ (എന്‍ഫോഴ്സ്മെൻറ്) അറിയിച്ചു.
സെക്യൂരിറ്റി ജോലിചെയ്യുന്ന ജീവനക്കാര്‍ക്ക് വെയില് ഏല്ക്കാതെ ജോലിചെയ്യുന്നതിനുള്ള സൗകര്യമൊരുക്കി നല്‍കണം. നിർദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് ജില്ല ലേബര്‍ ഓഫിസര്‍, അസിസ്റ്റൻറ് ലേബര്‍ ഓഫിസര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സ്ക്വാഡ് രൂപവത്കരിച്ചു. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ ജോലി പൂർണമായും നിര്‍ത്തിവെക്കുന്നതുള്‍പ്പെടെയുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു. ഫോണ്‍: 0495 – 2370538.