കൊച്ചി: ജസ്ന തിരോധാന കേസ് ഇനി സിബിഐ അന്വേഷിക്കും. കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് ഹൈക്കോടതിയെ സിബിഐ അറിയിച്ചു. ഇതോടെ കോടതി കേസ് ഡയറിയും മറ്റ് കേസ് ഫയലുകളും സിബിഐക്ക് കൈമാറാൻ നിർദേശിച്ചു. കേസ് ഡയറി കൈമാറേണ്ടത് . സി ബി ഐ തിരുവനന്തപുരം യൂണിറ്റിനാണ്.
സംസ്ഥാന സർക്കാർ കേസന്വേഷണത്തിന് വാഹന സൗകര്യം അടക്കം നൽകണമെന്നും സി ബി ഐ കോടതിയിൽ ആവശ്യപ്പെട്ടു.എന്തോ ഗുരുതരമായി ജസ്നയുടെ കാര്യത്തിൽ സംഭവിച്ചിട്ടുണ്ടന്ന് കേന്ദ്ര സർക്കാരിനായി ഹാജരായ അഡീഷണൽ സോളിസിറ്റർ കോടതിയിൽ പറഞ്ഞു. അന്തർ സംസ്ഥാന ബന്ധം ജസ്നയുടെ തിരോധാനത്തിന് ഉണ്ടെന്ന് കരുതുന്നതായി സിബിഐ കോടതിയിൽ പറഞ്ഞു.
സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത് ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ, കെ എസ് യു സംസ്ഥാന പ്രസിഡന്റ് അഭിജിത് എന്നിവരാണ്. 2018 മാർച്ച് 22 നാണ് കോളേജിലേക്ക് പോയ ജസ്നയെ കാണാതാകുന്നത്. ജസ്നയുടെ തിരോധാനം അന്വേഷിച്ചത് പത്തനംതിട്ട മുൻ എസ്പിയും വിരമിച്ച ഉദ്യോഗസ്ഥനുമായ കെ ജി സൈമൺ ആയിരുന്നു. . ഇതിനിടെ ചില ഉദ്യോഗസ്ഥരുടെ പേരിൽ ജസ്നയെ കണ്ടെത്തി എന്ന തരത്തിലുള്ള വാർത്തകളും പ്രചരിച്ചെങ്കിലും ഇക്കാര്യത്തിൽ പൊലീസ് ഔദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല.