വഡോദര: ഗുജറാത്തിലെ വഡോദരയിൽ കോൺഗ്രസ് -ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരു കൂട്ടരുടെയും റാലിക്കിടെയാണ് അക്രമം .ഇരു വിഭാഗങ്ങൾ തമ്മിൽ പരസ്പരം വടികൊണ്ട് അടിക്കുകയും മർദ്ദിക്കുകയും ചെയ്തു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കോൺഗ്രസും ബി.ജെ.പിയും റാലി സംഘടിപ്പിച്ചിരുന്നു. റാലിക്കിടെ ഇരു പാർട്ടിക്കാരും മുഖാ മുഖം കണ്ടു . ഇതോടെ രണ്ടുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തി രംഗം ശാന്തമാക്കി.
ഗുജറാത്തിലെ ആറുനഗരങ്ങളിലാണ് തദ്ദേശ തെരഞ്ഞെടുപ്പ്. രാജ്കോട്ട്, വഡോദര, അഹ്മദാബാദ്, സൂറത്ത്, ജാംനഗർ, ഭാവ്നഗർ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക.