കോഴിക്കോട്: ന്യൂനപക്ഷ വര്‍ഗീയതയാണ് ഏറ്റവും തീവ്രമായ വര്‍ഗീയതയെന്ന തൻ്റെ പ്രസ്താവന വാക്കിലെ പിഴവ് മാത്രമെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവൻ. പ്രസംഗത്തിനിടെ ഒരു വാക്കിലൊക്കെ പിഴവ് പറ്റുന്നത് സ്വഭാവികമാണ്. ഇതു വച്ചാണ് വര്‍ഗീയ പരാമര്‍ശമെന്ന് ചിലര്‍ പ്രചാരണം നടത്തിയത്. ആര്‍എസ്എസ് വിരുദ്ധ പ്രസംഗമാണ് താൻ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വർഗീയതയെ എല്ലാവരും ഒരുമിച്ചുനിന്ന് എതിർക്കണം. ഒരു വർഗീയതയ്ക്കു മറ്റൊരു വർഗീയത കൊണ്ടു പരിഹാരം കാണാൻ കഴിയുമോ? ന്യൂനപക്ഷ വർഗീയത ഉയർത്തിപ്പിടിച്ചുകൊണ്ട് ഭൂരിപക്ഷ വർഗീയതയെ ചെറുക്കുന്നത് ഭൂരിപക്ഷ വർഗീയതയുടെ അക്രമപ്രവർത്തനങ്ങളെ ന്യായീകരിക്കലാകുമെന്നുമാണ് കഴിഞ്ഞ ദിവസം എ.വിജയരാഘവൻ കോഴിക്കോട്ട് പറഞ്ഞത്. എൽഡിഎഫിന്റെ വടക്കൻ മേഖലാ വികസന മുന്നേറ്റ ജാഥയ്ക്കു മുക്കത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കവേയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
കര്‍ഷക സമരം പോലെയല്ല സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പി.എസ്.സി റാങ്ക് ഹോൾഡേഴ്സിൻ്റെ സമരമെന്നും സമരക്കാരെ ചര്‍ച്ച നടത്തി പറ്റിക്കാൻ ഇനിയില്ലെന്നും എ.വിജയരാഘവൻ ഇന്നു പറഞ്ഞു.