ചൊവ്വയിലെ ‘പെർസിവിയറൻസ്’ ദൗത്യമേറ്റെടുത്ത് ഡോ. സ്വാതി ; പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്താൻ പ്രചോദനമായത് ‘ സ്റ്റാര്‍ ടെക്‌’

ചൊവ്വയിലെ ‘പെർസിവിയറൻസ്’ ദൗത്യമേറ്റെടുത്ത് ഡോ. സ്വാതി ; പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്താൻ പ്രചോദനമായത് ‘ സ്റ്റാര്‍ ടെക്‌’

ജീവന്റെ തുടിപ്പുകൾ തേടി നാസയുടെ ‘പെർസിവിയറൻസ്’ എന്ന ബഹിരാകാശപേടകം ചൊവ്വയിലിറങ്ങിയ അഭിമാനനിമിഷത്തെ കുറിച്ചുള്ള അനുഭവം വിവരിച്ചത് ഇന്ത്യക്കാരിയായ ഡോ. സ്വാതി മോഹനാണ്. ചെറുപ്പത്തിൽ ‘സ്റ്റാർ ടെക് ‘സീരീസ് കണ്ട് പ്രപഞ്ചരഹസ്യങ്ങൾ കണ്ടെത്തണമെന്ന് സ്വപ്നം കണ്ട പെൺകുട്ടി തന്റെ ദൃഢനിശ്ചയത്തെ പിന്തുടർന്ന് ശാസ്ത്രജ്ഞയായി നാസയിലെത്തി.ഏഴ് കൊല്ലം മുമ്പാണ് നാസയുടെ ചൊവ്വാദൗത്യപദ്ധതിയിൽ സ്വാതി മോഹൻ അംഗമായത്.

പെർസിവിയറൻസിന്റെ ലാൻഡിങ് സംവിധാനത്തിനാവശ്യമായ മാർഗനിർദേശങ്ങൾക്ക് നേതൃത്വം നൽകിയത് സ്വാതി മോഹനാണ്. പേടകം ചൊവ്വാ ഉപരിതലത്തിലിറങ്ങിയപ്പോൾ മറ്റ് ടീമംഗങ്ങളുമായി സംവദിക്കുകയും ജിഎൻ&സി സബ്സിസ്റ്റവുമായുള്ള ഏകോപനം നടത്തിയതും ഈ ഇന്ത്യൻ വംശജയാണ്.

ഒരു വയസ് മാത്രമുള്ളപ്പോളാണ് സ്വാതിയുടെ കുടുംബം ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയത്. ഒമ്പത് വയസ് പ്രായമുള്ളപ്പോഴാണ് സ്റ്റാർ ടെക് സീരിസിൽ സ്വാതിയ്ക്ക് അതിയായ താത്‌പര്യം ജനിച്ചത്. ബഹിരാകാശത്തെയും ഭൂമിക്കപ്പുറമുള്ള പ്രപഞ്ചത്തേയും ജീവനെ കുറിച്ചുമൊക്കെ കൗതുകം ജനിച്ചത് ആ ഇളം പ്രായത്തിലാണ്. വളർന്നപ്പോൾ കോർണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് മെക്കാനിക്കൽ & എയറോസ്പേസ് എൻജിനീയറിങ്ങിൽ ബിരുദം നേടി. തുടർന്ന് എയറോട്ടിക്സിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും സ്വാതി കരസ്ഥമാക്കി.

നാസയുടെ വിവിധ ബഹിരാകാശ ദൗത്യങ്ങളിൽ പ്രവർത്തിച്ച ശേഷമാണ് ചൊവ്വയിൽ ജീവൻ തേടിയുള്ള ദൗത്യത്തിന് സ്വാതി മോഹൻ നേതൃത്വ പങ്കാളിയാവുന്നത്. ചുവപ്പുരാശി പടർന്ന ചൊവ്വയുടെ ആകാശത്തിലൂടെ സഞ്ചരിച്ച് ചൊവ്വയുടെ ഉപരിതലത്തിൽ വിജയകരമായി ‘പെർസിവിയറൻസ് ‘ലാൻഡ് ചെയ്തപ്പോൾ നാസയി ൽ മാത്രമല്ല ലോകമെങ്ങും ആഹ്ളാദം പടർത്തിയ പ്രഖ്യാപനം നടത്താനുള്ള നിയോഗവും ഡോക്ടർ സ്വാതി മോഹൻ എന്ന ആത്മ സമർപ്പണമുള്ള ശാസ്ത്രജ്ഞയ്ക്കായിരുന്നു.

Leave A Reply
error: Content is protected !!