വെള്ളമെത്തും പാലക്കാട്ടെ കൃഷിയിടങ്ങള്‍ തളിരിടും…

വെള്ളമെത്തും പാലക്കാട്ടെ കൃഷിയിടങ്ങള്‍ തളിരിടും…

പാലക്കാട്:  ജില്ലയിലെ കർഷകരുടെ കാത്തിരിപ്പിന് വിരാമമിട്ടു കൊണ്ട് രണ്ടു പദ്ധതികൾ പ്രവർത്തനം ആരംഭിച്ചു. മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍, അന്തര്‍ സംസ്ഥാന വാട്ടര്‍ ഹബ്ബ് എന്നിവയാണവ.

പാലക്കാട് ജില്ലയിലെ മഴനിഴല്‍ പ്രദേശങ്ങളിലെ കര്‍ഷകർക്ക് സഹായകമായ മൂലത്തറ വലതുകര കനാല്‍ ദീര്‍ഘിപ്പിക്കല്‍ പദ്ധതിയുടെ ചുമതല ജലവിഭവ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനാണ്. 64 കോടി രൂപ ചെലവില്‍ നവീകരിച്ച മൂലത്തറ റെഗുലേറ്ററിന്‍റെ വലതുകരയില്‍, കോരയാര്‍ വരെ നിലവിലുള്ള കനാലാണ് ഒന്നാംഘട്ടമെന്ന നിലയില്‍ വരട്ടയാര്‍ വരെ ദീര്‍ഘിപ്പിക്കുന്നത്. കനാല്‍ ദീര്‍ഘിപ്പിക്കലിനായി 6.47 ഹെക്ടര്‍ ഭൂമി 12.6 കോടി രൂപ നല്‍കിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്.

കേരളത്തിലെ ആദ്യത്തേതും, ഏറ്റവും വലുതുമായ ഈ കമ്യൂണിറ്റി മൈക്രോ ഇറിഗേഷന്‍ പദ്ധതിയിലൂടെ മഴനിഴല്‍ പ്രദേശങ്ങളായ കൊഴിഞ്ഞാമ്പാറ, എരുത്തിയാമ്പതി, വടകരപ്പതി മേഖലകള്‍ കാലങ്ങളായി നേരിടുന്ന ജലക്ഷാമത്തിന് ശാശ്വത പരിഹാരമാകുകയാണ്. നിലവിലുള്ള ചെക്ക്ഡാമുകളിലും കോരയാറിലേയും വരട്ടയാറിലേയും തടയണയടക്കം പത്തിലേറെ തടയണകളിലും ഈ കനാല്‍വഴി വെള്ളമെത്തിക്കും. കൂടാതെ അനവധി കുളങ്ങളും നവീകരിക്കുന്നുണ്ട്.

ഡ്രിപ് ഇറിഗേഷനിലൂടെ 70 ശതമാനം വെള്ളം ലാഭിക്കാനും വിളവ് ഇരട്ടിയാക്കാനും ഈ പദ്ധതി സഹായിക്കും. ഉയരം കൂടിയ ഭാഗങ്ങളില്‍ ലിഫ്റ്റ് ഇറിഗേഷന്‍ വഴി വെള്ളമെത്തിക്കും. 3575 ഹെക്ടര്‍ ഭൂമിയില്‍ സുസ്ഥിര ജലസേചനമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. വരട്ടയാര്‍ മുതല്‍ വേലന്താവളം വരെയുള്ള രണ്ടാംഘട്ടം ദീര്‍ഘിപ്പിക്കലിന് സ്ഥലം ഏറ്റെടുക്കുന്നതിനായി സംസ്ഥാന ബജറ്റില്‍ 12 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അന്തര്‍സംസ്ഥാന നദീജലവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച പാലക്കാട് ഇന്‍റര്‍സ്റ്റേറ്റ് വാട്ടര്‍ ഹബ്ബാണ് രണ്ടാമത്തെ പദ്ധതി. ശിരുവാണി, പറമ്പിക്കുളം-ആളിയാര്‍, കാവേരി തുടങ്ങിയവ പാലക്കാട് ജില്ലയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാണ് ഇവിടെ ഹബ്ബ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അന്തര്‍സംസ്ഥാന നദീജല പദ്ധതികളുടെ ത്രിമാന രൂപങ്ങള്‍ പ്രധാനപ്പെട്ട ഡാമുകളുടെ ഫോട്ടോ എന്നിവ പ്രദര്‍ശിപ്പിക്കുന്ന നദീജല മ്യൂസിയം, പാലക്കാട് ജില്ലയിലെ എല്ലാ ഡാമുകളുടെയും ജലനിരപ്പ്, ലഭ്യമായ വെളളത്തിന്‍റെ അളവ്, ലഭിക്കുന്ന മഴയുടെ അളവ്, തുടങ്ങിയവ കര്‍ഷകര്‍ക്ക് പ്രാപ്യമാകുന്ന ഡാറ്റാ ഇന്‍റര്‍പ്രട്ടേഷന്‍ സെന്‍റര്‍, അന്തര്‍സംസ്ഥാന നദീജല പദ്ധതികളുമായി ബന്ധപ്പെട്ട രേഖകളടങ്ങുന്ന ഡിജിറ്റല്‍ ലൈബ്രറി, ജോയിന്‍റ് വാട്ടര്‍ റെഗുലേഷന്‍ ഡിവിഷന്‍ കാര്യാലയം, കോണ്‍ഫറന്‍സ് ഹാള്‍, തുടങ്ങിയവ ഈ ഹബ്ബിലുണ്ടാകും.

ഭാരതപ്പുഴയുമായി ബന്ധപ്പെട്ട ജലസേചന പദ്ധതികളുടേയും വെള്ളപ്പൊക്ക നിയന്ത്രണ പദ്ധതികളുടേയും ഓഫീസുകളും ഇവിടെ പ്രവര്‍ത്തിക്കും. ഡാമുകളുടെ സംയോജിത റിസര്‍വോയര്‍ ഓപ്പറേഷന്‍ പദ്ധതി തയ്യാറാക്കുന്നതും ഈ ഹബ്ബിലായിരിക്കും. 4.09 കോടി രൂപാ ചിലവില്‍ പൂര്‍ത്തിയാക്കിയിട്ടുള്ള ഈ ഹബ്ബ് വിനോദ സഞ്ചാരികള്‍ക്കും ഏറെ പ്രയോജനകരമാണ്.

Leave A Reply
error: Content is protected !!