മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ ആദരം

മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ ആദരം

കൊച്ചി: അടുത്തിടെ മൺമറഞ്ഞ ചലച്ചിത്ര പ്രവർത്തകർക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ വേദിയിൽ ആദരം. പാതിയിൽ നിലച്ചുപോയ ഗാനം എന്നൊക്കെയുള്ള പ്രയോഗം ചിലരുടെ മരണത്തോടു ചേർത്തുവെക്കുമ്പോൾ അർത്ഥവത്താകുന്നുണ്ട്, സച്ചിയുടെ വിയോഗം അതുപോലെയാണെന്ന് സംവിധായകൻ രഞ്ജിത്ത് പറഞ്ഞു.

സിനിമയുടെ കഥ തേടിപ്പോകുന്നവരുടെ പരമ്പരാഗത ശൈലിയായിരുന്നില്ല സച്ചിയുടേത്. മനസ്സിൽ ഉദിച്ച ഒരു കഥയുടെ ബീജത്തിന്റെ പുറകെ തനിച്ച് യാത്ര ചെയ്ത് ഖനനം ചെയ്തെടുത്ത അധ്വാനത്തിന്റെ ഫലമാണ് അയ്യപ്പനും കോശിയുമെന്ന സിനിമയുടെ തിരക്കഥയെന്നും രഞ്ജിത്ത് പറഞ്ഞു.

ഒരു ശരാശരിയിൽ മുകളിലുള്ള എഴുത്തുകാരനു ചിന്തിക്കാൻ പോലും കഴിയാത്ത, കഥയുടെ പ്രത്യേക ഊടുവഴികളിലൂടെ സഞ്ചരിക്കാനുള്ള മനസ്സായിരുന്നു സച്ചിക്കുണ്ടായിരുന്നത്. അന്തരിച്ച നടൻ അനിൽ നെടുമങ്ങാട് കരിയർ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു, എത്രയോ സംവിധായകർ അദ്ദേഹത്തിനായി അവസരത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു.

സംവിധായകൻ സച്ചിയെയും നടൻ അനിൽ നെടുമങ്ങാടിനെയും അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു രഞ്ജിത്ത്.

43 ചലച്ചിത്ര പ്രവർത്തകരുടെ വിയോഗത്തെ കുറിച്ച് ഓർമപ്പെടുത്തിക്കൊണ്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ ആമുഖ പ്രഭാഷണം നടത്തി. മലയാളി പ്രേക്ഷകർക്ക് സുപരിചിതരായ കിം കി ഡൂക്, ഫെർണാണ്ടസ് സോളാൻസ്, സൗമിത്ര ചാറ്റർജി, ഓസ്കാർ ഇന്ത്യയിലേക്കെത്തിച്ച വസ്ത്രാലങ്കാര വിദഗ്ദ്ധ ഭാനു അത്തയ്യ എന്നിവരെ അനുസ്മരിച്ചുകൊണ്ട് അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ സംസാരിച്ചു.

മലയാളികൾ കണ്ടിട്ടില്ലാത്ത സിനിമാ അനുഭവങ്ങൾ സിനിമയിലൂടെ നൽകണമെന്ന സ്വപ്നം ബാക്കിവെച്ചാണ് ഷാനവാസ് നരണിപുഴ വിട്ടുപിരിഞ്ഞതെന്ന് സംഗീത സംവിധായകൻ സുദീപ് പാലനാട് പറഞ്ഞു. അന്തരിച്ച സംഗീതജ്ഞൻ എം.കെ. അർജുനൻ മാസ്റ്ററെ ഷിബു ചക്രവർത്തി അനുസ്മരിച്ചു. കോവിഡിന് കീഴടങ്ങിയ സംഗീതജ്ഞൻ എസ്.പി. ബാലസുബ്രഹ്മണ്യത്തെയും കവി അനിൽ പനച്ചൂരാനെയും അനുസ്മരിച്ചു.

Leave A Reply
error: Content is protected !!