അമേരിക്കന്‍ കമ്പനിയുടെ അപേക്ഷ വന്നിട്ടില്ല; പ്രതിപക്ഷ നേതാവിന്റെ ആരോപണം തള്ളി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
ആലപ്പുഴ: കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ച് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പ്രതിപക്ഷ നേതാവ് അസംബന്ധം വിളിച്ചു പറയുകയാണ്. ഇത്തരത്തിലൊരു കമ്പനിക്ക് റജിസ്ട്രേഷനോ അനുമതികളോ നൽകിയിട്ടില്ല. ഫിഷറീസ് വകുപ്പ് അറിയാതെ ഇത്തരത്തിലൊരു കരാർ ഉണ്ടാകില്ല. പ്രതിപക്ഷനേതാവ് മുങ്ങി ചാകാൻ പോകുമ്പോൾ എവിടെയെങ്കിലും പിടിച്ച് രക്ഷപെടാൻ ശ്രമിക്കുകയാണ്. ചെന്നിത്തലയ്ക്ക് എന്തുതരം മാനസികാവസ്ഥയാണെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു.
പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഫിഷറീസ് നയത്തില്‍ ഇക്കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതിന് വിധേയമായി മാത്രമേ കാര്യങ്ങള്‍ നടക്കൂ. പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ആഴക്കടല്‍ മത്സ്യബന്ധനത്തിന് അനുമതിയുള്ളൂ. അതിനെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് പ്രതിപക്ഷ നേതാവ്. പ്രതിപക്ഷ നേതാവിനെ എന്തെങ്കിലും ബോംബ് പൊട്ടിച്ച് നടക്കണമെന്ന അത്യാര്‍ത്തിമൂലം പറയുന്നതാണ്. അതൊക്കെ അദ്ദേഹത്തിന്റെ ദിവാസ്വപ്നമാണെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കേരളത്തിലെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികളുടെ ശ്രമം നടക്കുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. 5,000 കോടിയുടെ കരാറുണ്ടാക്കിയെന്നും നടപടിക്ക് പിന്നില്‍ വന്‍ അഴിമതിയെന്നും ചെന്നിത്തല ആരോപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് വന്‍കിട അമേരിക്കന്‍ കുത്തക കമ്പനിക്ക് തുറന്നുകൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും ഇതിന്റെ പിന്നില്‍ വന്‍ അഴിമതിയാണെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍ക്കാരും ഇ.എം.സി.സി ഇന്റര്‍നാഷണലും തമ്മില്‍ കഴിഞ്ഞയാഴ്ച ധാരണാപത്രത്തില്‍ ഒപ്പിട്ടു. കരാര്‍ പ്രകാരം 400 ട്രോളറുകളും രണ്ട് മദര്‍ഷിപ്പുകളും മത്സ്യബന്ധനം നടത്തും. സ്പ്രീംഗ്ളര്‍, ഇ- മൊബിലിറ്റി അഴിമതികളേക്കാള്‍ ഗുരുതരമായ കൊള്ളയാണ് നടന്നിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.