കോഴിക്കോട്: പിഎസ്സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായുള്ള ബിജെപി നേതാവ് ശോഭ സുരേന്ദ്രന്റെ ഉപവാസ സമരത്തിന് എതിരെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം. സെക്രട്ടറിയേറ്റിന് മുന്പില് നടത്തിയ ഒറ്റയാള്‍ സമരവും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന ശോഭാ സുരേന്ദ്രന്റെ പ്രഖ്യാപനവും കടുത്ത അച്ചടക്ക ലംഘനമെന്ന വിലയിരുത്തലിലാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം.
സ്ഥാനാര്‍ത്ഥികളെ അന്തിമമായി തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണെന്ന് അറിഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന് പരസ്യപ്രതികരണം നടത്തിയത് പാര്‍ട്ടിയോടുള്ള വെല്ലുവിളിയായാണ് സംസ്ഥാനം നേതൃത്വം വിലയിരുത്തിയത്. ബി.ജെ.പിയില്‍ ഭിന്നത തുടരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമവും ഇതിന് പിന്നിലുണ്ടെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിഗമനം. അതേപോലെ തന്നെ സെക്രട്ടറിയേറ്റിന് മുന്നില്‍ പാര്‍ട്ടിയുടെ പിന്തുണയില്ലാതെ ഒറ്റയാള്‍ സമരം നടത്തുന്നതും പാര്‍ട്ടിയോടുള്ള തുറന്ന യുദ്ധമായാണ് നേതൃത്വം കണക്കാക്കുന്നത്. ശോഭയുടെ സമരത്തെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്ന സുരേന്ദ്രന്റെ പ്രസ്താവനയും ഇത് തന്നെയാണ് വെളിവാക്കുന്നത്.
ഇന്നലെ നടത്താന്‍ ഇരുന്ന പ്രതിഷേധ മാര്‍ച്ചുകള്‍ റദ്ദാക്കി. മാര്‍ച്ചുകള്‍ ശോഭയ്ക്കുള്ള പിന്തുണയെന്ന് വ്യാഖ്യാനിക്കപ്പെടുന്നതിനാലാണ് ഒഴിവാക്കിയത്. യുവമോര്‍ച്ചയുടെയും വനിത മോര്‍ച്ചയുടെയും മാര്‍ച്ചുകളാണ് ഒഴിവാക്കിയത്. അതേസമയം പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ സമരം ഗവര്‍ണറെ ബോധ്യപ്പെടുത്തുമെന്ന് ശോഭ സുരേന്ദ്രന് പറഞ്ഞു. ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ഗവര്‍ണറെ കാണുമെന്നും ശോഭ. ഉദ്യോഗാര്‍ത്ഥികളുടെ സമരം ബിജെപി ഏറ്റെടുക്കണമെന്നും ശോഭ സുരേന്ദ്രന് വിഭാഗത്തിന്റെ ആവശ്യം.