കെ മുരളീധരൻ മലക്കം മറിഞ്ഞു ; വടകരക്ക് പുറമെ വട്ടിയൂർക്കാവിലും എത്തും

കെ മുരളീധരൻ മലക്കം മറിഞ്ഞു ; വടകരക്ക് പുറമെ വട്ടിയൂർക്കാവിലും എത്തും

നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ തന്റെ സാന്നിദ്ധ്യമുണ്ടാകുമെന്ന് കെ മുരളീധരൻ എം പി വ്യക്തമാക്കി. നിയമസഭയിലേക്ക് മത്സരിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഈ പ്രതികരണം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി നേതൃത്വവുമായി അകൽച്ചയിലാണ് കെ മുരളീധരൻ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളയാത്രയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കുകയാണ് അദ്ദേഹം.

അതിനിടെയാണ് മുരളീധരന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു പ്രതികരണമുണ്ടായിരിക്കുന്നത്.കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ പാർലമെന്റിലേക്ക് മത്സരിക്കാതിരുന്നതിനെ തുർന്ന് അപ്രതീക്ഷിതമായാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കെ മുരളീധരന് ഡൽഹിയിലേക്ക് വണ്ടി കയറേണ്ടി വന്നത്.

നേതൃത്വത്തിന്റെ നിർബന്ധത്തിന് വഴങ്ങിയായിരുന്നു വട്ടിയൂർക്കാവ് ഉപേക്ഷിച്ച് അദ്ദേഹം വടകരയിൽ മത്സരിച്ചത്. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസ് തന്നെ അപ്രസക്തമാവുകയും കൊവിഡിനെ തുടർന്ന് എം പി ഫണ്ട് ഉൾപ്പടെ നിർത്തലാക്കുകയും ചെയ്‌തതോടെ മുരളീധരന് മാത്രമല്ല ഭൂരിപക്ഷം പേർക്കും കാര്യമായ റോളില്ലാതെയായി.

ഇതേ തുടർന്നാണ് എം പിമാരായ കെ മുരളീധരൻ, അടൂർ പ്രകാശ്, കെ സുധാകരൻ തുടങ്ങിയവർ നിയമസഭയിലേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചത്. യു ഡി എഫ് അധികാരത്തിൽ വന്നാൽ സംസ്ഥാന മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടാൻ സാദ്ധ്യതയുളളവരാണ് മൂവരും.

എന്നാൽ നേതാക്കളുടെ ഈ നീക്കം കെ പി സി സിയും കോൺഗ്രസ് ഹൈക്കമാൻഡും മുളയിലേ തന്നെ നുള്ളി . ഇതോടെ കെ മുരളീധരൻ നേതൃത്വവുമായി തെറ്റുകയായിരുന്നു. വടകര ലോക്‌സഭാ മണ്ഡലത്തിന് കീഴിലുളള നിയമസഭാ മണ്ഡലങ്ങളിൽ അല്ലാതെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ ഭീഷണിപ്പെടുത്തി .

പക്ഷെ ആ ഭീഷണി ആരും മുഖവിലയ്ക്ക് പോലും എടുത്തില്ല . കോൺഗ്രസ്സിലെ ഒരു ഗ്രൂപ്പും തന്റെ ഭീഷണി ഏറ്റെടുക്കാഞ്ഞതിലാകണം പറഞ്ഞ വാക്ക് തിരുത്തി . വടകരയ്ക്ക് പുറമെ വട്ടിയൂർക്കാവിലും തന്റെ സാന്നിദ്ധ്യം ഉണ്ടാകുമെന്ന് ഇപ്പോൾ തറപ്പിച്ച് പറഞ്ഞു .

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് നേതാവിന്റെ പ്രതികരണം. വടകരയുടെ കീഴിലുളള ഏഴ് നിയമസഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് ഇരുമുന്നണികളും തമ്മിൽ നടക്കുന്നതെന്നാണ് മുരളീധരന്റെ അഭിപ്രായം .

തന്റെ സജീവ സാന്നിദ്ധ്യം ഏഴിടത്തും വട്ടിയൂർക്കാവിലും ആവശ്യമാണ്. അങ്ങനെ ഓരോ എം പിമാരും അവരവരുടെ മണ്ഡലങ്ങൾ നോക്കിയാൽ മാത്രമേ കാര്യമുളളൂവെന്നും ഈ മണ്ഡലങ്ങൾക്ക് പുറമെ മറ്റൊരിടത്തും പ്രചാരണത്തിന് ഇറങ്ങില്ലെന്നുമാണ് അദ്ദേഹം ഇപ്പോൾ പറയുന്നത്.

ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് ഉറപ്പുളള വട്ടിയൂർക്കാവിൽ മുരളീധരന്റെ സാന്നിദ്ധ്യം കോൺഗ്രസ് പ്രവർത്തകർക്ക് നൽകുന്ന ആവേശം ചെറുതായിരിക്കില്ല. വി കെ പ്രശാന്തിന് എതിരെ യുവ നേതാക്കളിൽ ആരെയെങ്കിലും ഇറക്കി മണ്ഡലം തിരികെ പിടിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായ കെ മോഹൻകുമാറിന് വേണ്ടി മുരളീധരൻ കാര്യമായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല. താൻ മത്സരിച്ചപ്പോൾ തനിക്ക് വേണ്ടി ആരും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ലെന്നും ഒറ്റയ്‌ക്കാണ് വോട്ട് പിടിച്ചതെന്നുമായിരുന്നു അന്ന് മുരളീധരൻ പറഞ്ഞത്.

വട്ടിയൂർക്കാവിൽ മുരളീധരൻ പ്രചാരണത്തിന് ഇറങ്ങിയാൽ അതുവഴി തൊട്ടടുത്ത മണ്ഡലത്തിലേക്കും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം വ്യാപിപ്പിക്കാമെന്നാണ് കോൺഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. വി കെ പ്രശാന്ത് തന്നെയായിരിക്കും സി പി എമ്മിന് വേണ്ടി മത്സരരംഗത്തുണ്ടാവുക.

ബി ജെ പിയിൽ വി വി രാജേഷിന്റെ പേരാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. അതേസമയം, നേമത്ത് ബി ജെ പിക്കെതിരെ മുരളീധരന്റെ പേരും മണ്ഡലത്തിൽ പരിഗണിക്കുന്നുണ്ടെന്നാണ് വിവരം.

Leave A Reply
error: Content is protected !!