കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആലപ്പുഴ സംയോജിത റൈസ് ടെക്നോളജി പാര്‍ക്കിന്റെ ശിലാസ്ഥാപനം ഇന്നലെ മന്ത്രി ഇ പി ജയരാജൻ നിർവഹിച്ചു. കിന്‍ഫ്രയുടെ നേതൃത്വത്തില്‍ 66.05 കോടി രൂപയ് ചെലവിലാണ് പാര്‍ക്ക് നിര്‍മ്മിക്കുന്നത്. നെല്‍ കര്‍ഷകര്‍ക്കും അനുബന്ധ മേഖലയിലെ സംരംഭകര്‍ക്കും സഹായകമാകുന്ന വിപുലമായ പദ്ധതിയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. നെല്‍കൃഷി വ്യാപകമാക്കുകയും കര്‍ഷകര്‍ക്ക് കൂടുതല്‍ ആദായം ലഭ്യമാക്കുകയുമാണ് ലക്ഷ്യം. കുട്ടനാട്ടിലെയും പത്തനംതിട്ട കോട്ടയം കൊല്ലം ജില്ലകളിലെയും കര്‍ഷകര്‍ക്ക് സഹായകമാവുന്നതും പ്രാദേശിക വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമി പരമാവധി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്ന നയത്തിന്റെ ഭാഗമായി ചെങ്ങന്നൂര്‍ പ്രഭുറാം മില്ലിന്റെ കൈവശമുള്ള 5.22 ഏക്കര്‍ ഭൂമിയിലാണ് റൈസ് പാര്‍ക്ക് സ്ഥാപിക്കുന്നത്. പ്രഭുറാം മില്ലിലെ നിലവിലെ സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സ്ഥാപിച്ച ഓട്ടോകോണര്‍ മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മവും ഇതോടൊപ്പം നടന്നു. ആഭ്യന്തര- അന്താരാഷ്ട്ര വിപണികളില്‍ ഇവിടുത്തെ ഉത്പ്പന്നങ്ങള്‍ക്ക് കൂടുതല്‍ സ്വീകാര്യത ലഭിക്കുന്നതിന് ഇത് സഹായിക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.