അമേരിക്കയിലെ തെക്കുകിഴക്കൻ സംസ്ഥാനങ്ങൾ അതിശൈത്യം മൂലം വൻ പ്രതിസന്ധിയിലാണ്. ടെക്സാസിലെ സ്ഥിതിയാണ് ഏറ്റവും രൂക്ഷം.ടെക്സാസിൽ ഇതുവരെ 21 പേർ മരിച്ചെന്നാണ് റിപ്പോർട്ടുകൾ. കനത്ത മഞ്ഞുവീഴ്ചയും മൈനസിന് താഴെ തുടരുന്ന താപനിലയും മൂലം ടെക്സാസ് ജനത വലയുകയാണ്. നാലിഞ്ചിന് മേൽ കനത്തിലാണ് ടെക്സാസിൽ മഞ്ഞുവീഴുന്നത്.
സംസ്ഥാനത്ത് 2.7 ദശലക്ഷം വീടുകളിൽ വൈദ്യുതി നിലച്ചു. ഇക്കാരണത്താൽ, വീടുകൾക്കുള്ളിൽ താപനില വർദ്ധിപ്പിക്കാൻ സഹായിക്കുന്ന സംവിധാനം പ്രവർത്തിപ്പിക്കാൻ സാധിക്കുന്നില്ല. പ്രകൃതി വാതക കിണറുകൾ, ഇവ വിതരണം ചെയ്യാനുള്ള കുഴലുകൾ, കാറ്റാടി യന്ത്രങ്ങൾ എന്നിവ കനത്ത മഞ്ഞിൽ തണുത്തുറഞ്ഞതോടെ തടസ്സപ്പെട്ട വൈദ്യുതി ഉത്പാദനവും വിതരണവും ഈ ആഴ്ച അവസാനം മാത്രമേ പുനഃസ്ഥാപിക്കാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.