കുട്ടനാട് മേഖലയിലെ നെൽകൃഷിക്ക് കരുത്തേകാൻ കുട്ടനാട് റൈസ് പാർക്കിലൂടെ സാധ്യമാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ

കുട്ടനാട് മേഖലയിലെ നെൽകൃഷിക്ക് കരുത്തേകാൻ കുട്ടനാട് റൈസ് പാർക്കിലൂടെ സാധ്യമാകുമെന്ന് മന്ത്രി ഇ.പി ജയരാജൻ

ആലപ്പുഴ : കുട്ടനാട് മേഖലയിലെ നെൽകൃഷിക്ക് കരുത്തേകാൻ കുട്ടനാട് റൈസ് പാർക്കിലൂടെ സാധ്യമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കിൻഫ്രയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ മുളക്കുഴ പ്രഭുറാം മിൽസിന്റെ ഭൂമിയിൽ നിർമ്മാണം ആരംഭിക്കുന്ന കുട്ടനാട് റൈസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനവും, പ്രഭുറാം മിൽസിൽ സ്ഥാപിച്ച പുതിയ ഓട്ടോ കോണർ മെഷീനിന്റെ സ്വിച്ചോൺ കർമ്മവും ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നെൽകൃഷി വ്യാപകമാക്കുക, കർഷകർക്ക് ആദായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന പദ്ധതി വഴി കുട്ടനാടിന്റെ കാർഷികരംഗത്ത് വലിയ രീതിയിലുള്ള മാറ്റം കൊണ്ടുവരാൻ സാധിക്കും. കുട്ടനാട്, അപ്പർകുട്ടനാട് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള നെല്ലാണ് റൈസ് പാർക്കിൽ സംസ്കരിക്കുക. കുട്ടനാട് കൂടാതെ കോട്ടയം, പത്തനംതിട്ട, കൊല്ലം ജില്ലയിലെ കർഷകർക്കും സഹായകമാകുന്നതും പ്രാദേശിക വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതുമാണ് പദ്ധതി. കുട്ടനാട്ടിൽ നിലവിൽ ഉല്പാദിപ്പിക്കുന്ന നെല്ല് സ്വകാര്യ മില്ലുകൾ വഴിയാണ് അരിയായി വിപണിയിലെത്തുന്നത്. സർക്കാർ റൈസ് പാർക്ക് നിലവിൽ വരുന്നതോടെ കുട്ടനാട്ടിലെ അരി നേരിട്ട് വിപണിയിലെത്തിക്കാൻ സർക്കാറിന് സാധിക്കും. ഇതുമൂലം ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കി മികച്ച തുക ലഭ്യമാകും. നെല്ലു കുത്തി അരിയാക്കുന്നതിനൊപ്പം തന്നെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളായ അരിപ്പൊടി,അവൽ, ടിൻ ഫുഡ്‌,തുടങ്ങിയവയും മില്ലിൽ നിന്ന് വിപണിയിലെത്തും. പ്രതിവർഷം 26000 ടൺ സംഭരിക്കാവുന്ന രീതിയിലാണ് റൈസ് പാർക്ക് പൂർത്തിയാക്കുന്നത്. നെൽ തവിട് എണ്ണയാക്കാനുള്ള സംവിധാനവും സ്ഥാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സർക്കാർ സപ്ലൈകോ കൺസ്യൂമർഫെഡ് വഴിയാണ് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുക.

പൊതുമേഖല സ്ഥാപനങ്ങളുടെ ഭൂമി പരമാവധി കാര്യക്ഷമമായി ഉപയോഗപ്പെടുത്തുക എന്നതിൻറെ ഭാഗമായി ചെങ്ങന്നൂർ പ്രഭുറാം മിൽസിന്റെ കൈവശമുള് ള5. 22 ഏക്കർ ഭൂമിയിലാണ് കിൻഫ്രയുടെ നേതൃത്വത്തിൽ 66.05 കോടി രൂപ ചെലവിൽ സംയോജിത റൈസ് ടെക്നോളജി പാർക്ക് സ്ഥാപിക്കുന്നത്.
പാർക്ക് യാഥാർഥ്യമാകുന്നതോടെ കുട്ടനാട് ബ്രാൻഡ് ആഗോള വിപണിയിലെത്തും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന നെല്ല് അരിയും മൂല്യവർധിത ഉൽപന്നങ്ങളുമായാണ് വിപണിയിലെത്തുക. വിദേശ വിപണി ലക്ഷ്യമിട്ട് അത്യാധുനിക യന്ത്രസാമഗ്രികൾ ആണ് ഇവിടെ സ്ഥാപിക്കുക.”സൈലോ” സംവിധാനത്തിലുള്ള സംഭരണ കേന്ദ്രമാകും ഇവിടെ ഉണ്ടാക്കുക.

സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി. വർഗീസ്, മുളക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. പത്മാകരൻ, ജില്ല പഞ്ചായത്ത് അംഗം ഹേമലത, കിൻഫ്ര മാനേജിങ് ഡയറക്ടർ സന്തോഷ് കോശി തോമസ് , ടെക്സ്റ്റൈൽ കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ കെ. റ്റി ജയരാജ്, തുടങ്ങിയവർ സന്നിഹിതരായി.

Leave A Reply
error: Content is protected !!