പട്ടിക ജാതി വകുപ്പില്‍ ന്യൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി: മന്ത്രി എ.കെ ബാലന്‍

പട്ടിക ജാതി വകുപ്പില്‍ ന്യൂതനപദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കി: മന്ത്രി എ.കെ ബാലന്‍

പത്തനംതിട്ട: പട്ടികജാതി വകുപ്പില്‍ വിവിധങ്ങളായ ന്യൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞതായി പട്ടികജാതി, പട്ടികവര്‍ഗ്ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു. പത്തനംതിട്ട മേലേവെട്ടിപ്പുറത്തെ സുബല പാര്‍ക്ക് കണ്‍വന്‍ഷന്‍ സെന്റര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് ഏക്കര്‍ വരുന്ന സുബല പാര്‍ക്കില്‍ ഒന്നാം ഘട്ടമായി പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. കണ്‍വന്‍ഷന്‍ സെന്റര്‍, ഡ്രെയിനേജ്, ബോട്ടിംഗ് ഏരിയ നിര്‍മ്മാണം, നടപ്പാത എന്നിവയുടെ പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് സമര്‍പ്പിച്ചത്. പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ സ്ത്രീകള്‍ക്കായി തിരുവനന്തപുരത്ത് 60 പേര്‍ക്ക് താമസിക്കാവുന്ന വര്‍ക്കിംഗ് വിമണ്‍സ് ഹോസ്റ്റലും ഉദ്ഘാടനം നിര്‍വഹിക്കാനായി എന്ന് മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.

സുബല പാര്‍ക്കിന്റെ പൂര്‍ത്തീകരണത്തിന് വീണാ ജോര്‍ജ് എംഎല്‍എ നേതൃത്വപരമായ പങ്ക് വഹിച്ചു.സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.
വീണാ ജോര്‍ജ് എംഎല്‍എ അധ്യക്ഷതയും ഭദ്രദീപ പ്രകാശനവും ശിലാഫലക അനാച്ഛാദനവും നിര്‍വഹിച്ചു. ജില്ലാ ആസ്ഥാനത്തെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള
ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററാണ് സുബല പാര്‍ക്കിലേതെന്നു വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. നടക്കില്ലെന്നു പറഞ്ഞ സുബല പാര്‍ക്ക് നിര്‍മ്മാണം സാധ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞു. 2020 സംസ്ഥാന ബജറ്റില്‍ പദ്ധതിക്കായി ഫണ്ട് അനുവദിച്ച ധനമന്ത്രി ഡോ.തോമസ് ഐസക്കിന് വീണാ ജോര്‍ജ് എംഎല്‍എ നന്ദി പറഞ്ഞു. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 41 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ സ്വര്‍ണ്ണ മെഡല്‍ നല്‍കി വീണാ ജോര്‍ജ് എംഎല്‍എ ആദരിച്ചു.

സുബല പാര്‍ക്കിന്റെ സൗന്ദര്യ വല്‍ക്കരണത്തിനായി കവയത്രി സുഗതകുമാരിയുടെ പേരിലുള്ള സ്മൃതി വനത്തില്‍ വീണാ ജോര്‍ജ് എംഎല്‍എ വൃക്ഷ തൈ നട്ടു.
പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.ടി.സക്കീര്‍ ഹുസൈന്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സി.കെ അര്‍ജ്ജുനന്‍, കെ.ആര്‍ അജിത്ത്കുമാര്‍, അനില അനില്‍, ശോഭ കെ.മാത്യു, കെ.അഷറഫ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എ.പി ജയന്‍, ടി.കെ.ജി നായര്‍, ഷാഹുല്‍ഹമീദ്, ഹരിദാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ആര്‍.രഘു, ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രോജക്ട് മാനേജര്‍ എസ്.സനില്‍, ഇലന്തൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ ആനന്ദ് എസ്.വിജയ് എന്നിവര്‍ പ്രസംഗിച്ചു.

Leave A Reply
error: Content is protected !!