“പിണറായിയുടെ പിതാവ് കള്ളുംകുടിച്ച് തേരാപാര നടക്കുകയായിരുന്നു’: മുഖ്യമന്ത്രിക്കെതിരേ വീണ്ടും കെ. സുധാകരൻ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ വീണ്ടും കെ. സുധാകരൻ എംപി രംഗത്ത്. പിണറായി വിജയന്റെ അച്ഛൻ ചെത്തുകാരൻ കോരേട്ടൻ പിണറായിയിൽ കള്ളുകുടിച്ച് തേരാപാരാ നടക്കുകയായിരുന്നു എന്നാണ് സുധാകരൻ പറഞ്ഞത്. കാസര്‍കോഡ് കല്യോട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത് ലാലിന്റെയും രണ്ടാം മരണ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സുധാകരൻ.
“മുല്ലപ്പള്ളി രാമചന്ദ്രന്റെ അച്ഛനെ പിണറായി വിളിച്ചത് അട്ടം പരതി ഗോപാലനെന്നാണ്. ഗോപാലന് ഈ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയപ്പോൾ പിണറായി വിജയന്റെ ചെത്തുകാരന് കോരേട്ടന് പിണറായില്‍ കള്ളുംകുടിച്ച് പിണറായി അങ്ങാടിയില്‍ തേരാപാര നടക്കുകയായിരുന്നു’- സുധാകരൻ തുറന്നടിച്ചു. സ്വാതന്ത്ര്യ സമരത്തിന്റെ വില അറിയാത്തതു കൊണ്ടാണ് ഗോപാലനെ അട്ടംപരതി ഗോപാലൻ എന്നു പിണറായി വിളിച്ചതെന്നും സുധാകരൻ പറഞ്ഞു. പിണറായിയോട് നാല് ചോദ്യം ചോദിക്കാൻ മാധ്യമങ്ങൾക്ക് ധൈര്യമുണ്ടോ എന്നും സുധാകരൻ ചോദിച്ചു. ഒൻപത് ഉപദേശകരെ വച്ച് ഭരിക്കാൻ പിണറായിക്ക് ബുദ്ധിയും വിവരവുമില്ലേ എന്നും സുധാകരന് പരിഹാസരൂപേണ ചോദിച്ചു.
നേരത്തെയും മുഖ്യമന്ത്രിക്ക് എതിരെ കെ സുധാകരന് ജാതി അധിക്ഷേപം നടത്തിയിരുന്നു. ‘ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന മുഖ്യമന്ത്രി ഇപ്പോള്‍ സഞ്ചരിക്കാന്‍ ഹെലിക്കോപ്റ്റര്‍ എടുത്തിരിക്കുന്നു’ എന്നായിരുന്നു സുധാകരന്റെ പരാമര്‍ശം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഭാഗമായി തലശേരിയില്‍ നടത്തിയ പൊതുയോഗത്തിലായിരുന്നു കെ സുധാകരന്റെ പരാമര്‍ശം.