നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനുമുന്നിൽ പാലം നിർമ്മിക്കും

നബീസയെ ഇനി എടുത്തു കയറ്റണ്ട; വീടിനുമുന്നിൽ പാലം നിർമ്മിക്കും

എറണാകുളംപെരിയാർ വാലി പദ്ധതിക്കു കീഴിലുള്ള കനാലിനായി ഭൂമി വിട്ടു നൽകിയ വാഴപ്പിള്ളി പുളിഞ്ചോട് സ്വദേശിനിക്ക് കനാൽ മുറിച്ചു കടക്കാൻ പാലം നിർമ്മിച്ചു നൽകാൻ അദാലത്തിൽ തീരുമാനം. പോളിയോ ബാധിച്ച് അരയ്ക്കു താഴെ ചലനശേഷിയില്ലാത്ത നബീസയെ തോളിൽ എടുത്ത് അടുത്ത വീട്ടിലെ പാലത്തിലൂടെയാണ് ഇപ്പോൾ കനാൽ മുറിച്ചു കടന്നിരുന്നത്. വീടിനു മുന്നിൽ പാലം നിർമ്മിച്ചു നൽകിയാൽ വീൽ ചെയറിൽ തനിയെ വീട്ടിലേക്ക് കയറാനും ഇറങ്ങാനും കഴിയുമെന്നും പാലം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു നബീസയുടെ അപേക്ഷ.

നബീസയുടെ അപേക്ഷ പരിഗണിച്ച മന്ത്രി വി.എസ്. സുനിൽ കുമാർ വീൽചെയർ പോകാൻ കഴിയുന്ന വിധത്തിൽ നബീസയുടെ വീടിനു മുന്നിൽ പാലം നിർമ്മിക്കാൻ അടിയന്തിര നടപടി സ്വീകരിക്കാൻ പെരിയാർ വാലി പദ്ധതി എക്സിക്യൂട്ടീവ് എൻജിനീയർക്ക് നിർദേശം നൽകി. ഇന്നു തന്നെ നേരിട്ട് പോയി സ്ഥലം സന്ദർശിക്കാനും ഒരു മാസത്തിനകം പാലം നിർമ്മിച്ചു നൽകാനുമാണ് മന്ത്രി നിർദേശിച്ചത്. നബീസയും സഹോദരി സെൽമ യും പ്രായമായ ഉമ്മയുമാണ് വീട്ടിലുള്ളത്. സമീപത്ത് താമസിക്കുന്ന സഹോദരനാണ് നബീസയെ എടുത്ത് കനാൽ മുറിച്ച്‌ കടക്കുന്നത്. 40 വയസുള്ള നബീസയ്ക്ക് 15,000 രൂപ ചികിത്സാ സഹായവും അദാലത്തിൽ അനുവദിച്ചു.

Leave A Reply
error: Content is protected !!