മലാലക്ക് നേരെ വീണ്ടും വധഭീഷണി ; കണക്ക് തീര്‍ക്കുമെന്ന് പാക് താലിബാന്‍ ഭീകരന്‍

മലാലക്ക് നേരെ വീണ്ടും വധഭീഷണി ; കണക്ക് തീര്‍ക്കുമെന്ന് പാക് താലിബാന്‍ ഭീകരന്‍

നൊബേല്‍ പുരസ്കാര ജേതാവ് മലാല യൂസഫ്‍സായിക്കെതിരെ വീണ്ടും വധഭീഷണി ഉയർത്തി താലിബാന്‍. പാക് താലിബാന്‍ ഭീകരന്‍ ഇഹ്സാനുല്ല ഇഹ്സാന്‍ ആണ് ധീര വനിതക്ക് നേരെ വധഭീഷണി മുഴക്കിയത്. 9 വർഷം മുൻപ് മലാലയെ വെടിവെച്ചുകൊല്ലാൻ ശ്രമിച്ച കേസിൽ പ്രതിയാണ് ഇഹ്സാനുല്ല. തലനാരിഴക്കാണ് അന്ന് മലാല രക്ഷപ്പെട്ടത്.

“തിരികെ വീട്ടിലേക്ക് വരൂ. നിന്നോടും പിതാവിനോടും കണക്ക് തീര്‍ക്കാനുണ്ട്. ഇത്തവണ പിഴവ് പറ്റില്ല” എന്നായിരുന്നു ട്വീറ്റ്. ഉറുദു ഭാഷയിലായിരുന്നു ട്വീറ്റ്. എന്നാൽ ഈ അക്കൌണ്ട് ട്വിറ്റര്‍ സ്ഥിരമായി പൂട്ടി.

2012ൽ മലാലക്ക് നേരെ വെടിയുതിര്‍ത്തിന്‍റെ ഉത്തരവാദിത്വം ഇഹ്സാനുല്ല ഏറ്റെടുത്തിരുന്നു. 2014ല്‍ പെഷവാറില്‍ പാകിസ്താനി ആര്‍മിയുടെ സ്കൂളില്‍ നടത്തിയ ആക്രമണത്തിൽ പ്രതിയായ ഇഹ്സാനുല്ല 2017ല്‍ അറസ്റ്റിലായി. 134 പേരാണ് അന്ന് കൊല്ലപ്പെട്ടത്. 2020 ജനുവരിയിലാണ് ഇഹ്സാനുല്ല ജയിലില്‍ നിന്ന് രക്ഷപ്പെട്ടത്.

“എന്നെ ആക്രമിച്ചതിന്‍റെയും നിരപരാധികളുടെ ജീവനെടുത്തതിന്‍റെയും ഉത്തരവാദിത്വം ഏറ്റെടുത്തത് തെഹ്‍രിക് ഇ താലിബാന്‍ മുന്‍ വക്താവായ ഇയാളാണ്. ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തുന്നു. എങ്ങനെയാണ് അയാള്‍ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും സേനയും മറുപടി പറയണം”- മലാല ആവശ്യപ്പെട്ടു.

Leave A Reply
error: Content is protected !!