പിതാവിന്റെ ഘാതകരോട് ഞാൻ ക്ഷമിക്കുന്നു ; അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നു : രാഹുൽ ഗാന്ധി

പിതാവിന്റെ ഘാതകരോട് ഞാൻ ക്ഷമിക്കുന്നു ; അദ്ദേഹം എന്നിലൂടെ സംസാരിക്കുന്നു : രാഹുൽ ഗാന്ധി

ചെന്നൈ: തന്റെ പിതാവ് രാജീവ് ഗാന്ധിയെ വധിച്ചവരോട് വെറുപ്പോ പ്രതികാരമോ ഇല്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബുധനാഴ്ച പുതുച്ചേരി ഭാരതിദാസൻ സർക്കാർ വനിതാ കോളേജിൽ വിദ്യാർഥിനികളുമായി സംവദിക്കവേയാണ് രാഹുൽ വികാരാധീനനായത്.

താങ്കളുടെ പിതാവിനെ എൽ.ടി.ടി.ഇ. ചാവേറുകൾ കൊന്നു. എന്താണ് ഇപ്പോൾ താങ്കളുടെ വികാരം – ഇതായിരുന്നു ഒരു വിദ്യാർഥിനിയുടെ ചോദ്യം. 1991-ൽ പിതാവ് കൊല്ലപ്പെട്ടത് മനസ്സിൽ ആഴത്തിൽ വേദനിപ്പിച്ചെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

‘‘എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. എനിക്ക് നഷ്ടപ്പെട്ടത് എന്റെ പിതാവിനെയാണ്. എന്നെ വളരെ വേദനിപ്പിച്ച സംഭവമായിരുന്നു അത്. ഒരാളുടെ ഹൃദയം വിച്ഛേദിക്കുന്നതിന് സമാനമാണത്. പക്ഷേ, ആരോടും എനിക്ക് വെറുപ്പോ ദേഷ്യമോ ഇല്ല. പിതാവിനെ കൊന്നവരോട് ഞാൻ ക്ഷമിക്കുന്നു’’- രാഹുൽ വികാരാധീനനായി പറഞ്ഞു. ‘‘അക്രമത്തിലൂടെ ആരിൽനിന്നും ഒന്നും കവർന്നെടുക്കാനാവില്ല. എന്റെ പിതാവ് എന്നിൽ ജീവിച്ചിരിക്കുന്നു. എന്റെ പിതാവ് എന്നിലൂടെ സംസാരിക്കുന്നു’’- അദ്ദേഹം പറഞ്ഞു.

1991 മേയ് 21-നാണ് ചെന്നൈക്കടുത്ത ശ്രീപെരുമ്പത്തൂരിൽ തിരഞ്ഞെടുപ്പു റാലിയിൽ പങ്കെടുക്കാനെത്തിയ രാജീവ് ഗാന്ധി ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. അതെ സമയം രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കുന്നതിനെ മിക്ക പാർട്ടികളും പിന്തുണച്ചിരുന്നെങ്കിലും തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി അനുകൂലിച്ചിരുന്നില്ല.

Leave A Reply
error: Content is protected !!