തിരഞ്ഞെടുപ്പ് : ആബ്‌സെന്റി വോട്ടേഴ്‌സിനുള്ള തപാല്‍വോട്ട് നടപടികള്‍ കര്‍ശനമാക്കി ഇലക്ഷന്‍കമ്മീഷന്‍

തിരഞ്ഞെടുപ്പ് : ആബ്‌സെന്റി വോട്ടേഴ്‌സിനുള്ള തപാല്‍വോട്ട് നടപടികള്‍ കര്‍ശനമാക്കി ഇലക്ഷന്‍കമ്മീഷന്‍

തൃശ്ശൂർ: കോവിഡ് പശ്ചാത്തലത്തില്‍ 2021ലെ കേരള നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആബ്‌സെന്റി വോട്ടേഴ്‌സിനുള്ള തപാല്‍ വോട്ട് നടപടികള്‍ ഇലക്ഷന്‍ കമ്മീഷന്‍ കര്‍ശനമാക്കിയതായി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് കലക്ടര്‍ ഇക്കാര്യം അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആബ്‌സെന്റി വോട്ടര്‍മാരെ മൂന്ന് വിഭാഗമായാണ് തിരിച്ചിരിക്കുന്നത്. ഇതനുസരിച്ച് 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, 40 ശതമാനത്തിന് മുകളില്‍ അംഗപരിമിതിയുള്ളവര്‍, കോവിഡ് പോസിറ്റീവ് ആയ വ്യക്തികളും പ്രാഥമിക സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവരും. ഇവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അപേക്ഷയോടെപ്പം ഹാജരാക്കണം.

ഇതില്‍ 80 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ല. ഇവര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനായി പ്രദേശിക തലത്തില്‍ ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി അധ്യാപകര്‍ തുടങ്ങിയ ബൂത്ത് ലെവല്‍ ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

ജില്ലയില്‍ 17664 പേരാണ് 40 ശതമാനം അംഗപരിമിതരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. കോവിഡ് രോഗികളുടെ എണ്ണം നാലായിരവും സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ടവര്‍ അതിലധികവുമാണ്. ഇവരുടെ ലിസ്റ്റ് ഒന്നു കൂടി ക്രമീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് അപേക്ഷാ ഫോറം വീടുകളില്‍ വിതരണം ചെയ്യുക. ബിഎല്‍ഒമാരുടെ നേതൃത്വത്തില്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് രേഖപ്പെടുത്തി വരണാധികാരികള്‍ക്ക് ലഭ്യമാക്കും. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതല്‍ അഞ്ച് ദിവസങ്ങള്‍ വരെയാണ് ഇവര്‍ക്ക് അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കാവുന്ന സമയം.

അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊപ്പമാണ് നല്‍കേണ്ടത്. അഞ്ച് ദിവസത്തിന് ശേഷം അപേക്ഷകള്‍ നല്‍കാന്‍ അവസരം നല്‍കില്ല. പോസ്റ്റല്‍ ബാലറ്റ് സ്പെഷ്യല്‍ പോളിംഗ് ടീം വീടുകളില്‍ ചെന്ന് വോട്ടു രേഖപ്പെടുത്തി ഫോറം ശേഖരിച്ച് അതാത് വരണാധികാരികളെ ഏല്‍പ്പിക്കും. ഇപ്രകാരമുള്ള നടപടിക്രമം ആബ്‌സെന്റി വോട്ടര്‍മാരുടെ സൗകര്യാര്‍ത്ഥമാണ് ഏര്‍പ്പെടുത്തുന്നത്.

തിരഞ്ഞെടുപ്പിന്റെ ഭാഗമായി എല്ലാ പോളിംഗ് ടീമുകള്‍ക്കും കോവിഡ് വാക്‌സിന്‍ നല്‍കും. ആദ്യഘട്ടത്തില്‍ സ്പെഷ്യല്‍ പോളിംഗ് ടീമില്‍ ഉള്‍പ്പെട്ട ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കുക. ജില്ലയില്‍ 20 സ്ഥലങ്ങളിലാണ് വാക്‌സിനേഷനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നത്. ബി എല്‍ ഒ മാര്‍ക്കായി മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ്, പി പി ഇ കിറ്റ് എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ജില്ലയ്ക്ക് 14 ലക്ഷം മാസ്‌കുകളും 25,000 പി പി ഇ കിറ്റുകളുമാണ് ഇലക്ഷന്‍ കമ്മീഷന്‍ അനുവദിച്ചിരിക്കുന്നത്.

കൃത്യമായി നിയമം പാലിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് ഇലക്ഷന്റെ കമ്മീഷന്റെ നിര്‍ദേശം. കോവിഡ് പശ്ചാത്തലത്തില്‍ എല്ലാ വിഭാഗത്തിലും പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിച്ചവരുടെ ഒരു റിസര്‍വ് ഗ്രൂപ്പിനെ നിയോഗിക്കണമെന്ന് കലക്ടര്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ഏതെങ്കിലും സാഹചര്യത്തില്‍ ജോലിക്ക് നിയോഗിച്ചവരില്‍ ആര്‍ക്കെങ്കിലും കോവിഡ് പിടിപെടുകയോ നിരീക്ഷണത്തില്‍ പോകുകയോ ചെയ്താല്‍ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് തടസ്സമോ കാലതമാസമോ നേരിടാതിരിക്കാന്‍ വേണ്ടിയാണിത്.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനൊപ്പം സ്വീപ്പിന്റെ സന്ദേശം എല്ലായിടത്തും പ്രചരിപ്പിക്കണമെന്നും തിരഞ്ഞെടുപ്പ് നിയമാനുസൃതമായി നടപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ ഊര്‍ജ്ജസ്വലരാകണമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ ഡി എം ഒ കെ ജെ റീന, വിവിധ നോഡല്‍ ഓഫീസര്‍മാര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!