ജനകീയ ഹോട്ടലുകള്‍ക്കായി സോഫ്റ്റ്വെയര്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ : സോഫ്റ്റ്വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു

ജനകീയ ഹോട്ടലുകള്‍ക്കായി സോഫ്റ്റ്വെയര്‍ മാര്‍ച്ച് 1 മുതല്‍ പ്രാബല്യത്തില്‍ : സോഫ്റ്റ്വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു

കുടുംബശ്രീ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായുള്ള സോഫ്റ്റ്വെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം കിലയില്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ നിര്‍വഹിച്ചു. ‘ജനകീയ ഹോട്ടലുകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനവും, കുടുംബശ്രീ ഒരു നേര്‍ചിത്രം ഫോട്ടോഗ്രാഫി മത്സര വിജയികള്‍ക്കുള്ള പുരസ്‌ക്കാര വിതരണവും മന്ത്രി ഇതോടൊപ്പം നിര്‍വഹിച്ചു. റീ ബില്‍ഡ് കേരള ഇനിഷ്യീറ്റിവിന്റെ ഭാഗമായി സര്‍ക്കാര്‍ കുടുംബശ്രീ വഴി യുവതി യുവാക്കള്‍ക്കായി നടപ്പിലാക്കുന്ന സ്‌കില്‍ ട്രെയിനിങ് പദ്ധതി യുവകേരളയുടെ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ചു.

കേരളത്തില്‍ 20 രൂപയ്ക്ക് ഉച്ചയൂണ് ലഭിക്കുന്ന ഹോട്ടല്‍ ശൃംഖലയായ കുടുംബശ്രീയുടെ ജനകീയ ഹോട്ടലുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള സോഫ്റ്റ്വെയര്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ വഴിയാണ് തയ്യാറാക്കിയത്. മാര്‍ച്ച് 1 മുതല്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് തുടങ്ങാനാണ് ലക്ഷ്യം. കൊളാബെല്‍ എന്ന കമ്പനിയാണ് സോഫ്റ്റ്വെയര്‍ രൂപകല്‍പന ചെയ്തത്. ജനകീയ ഹോട്ടലുകളിലെ ബില്ലുകള്‍ ഈ പോസ് മെഷീനുകള്‍ വഴി നല്‍കും. ഈ വിവരങ്ങള്‍ സോഫ്റ്റ്വെയര്‍ മുഖേന രേഖപ്പെടുത്തുന്നതോടെ ജനകീയ ഹോട്ടലുകളില്‍ ഓരോ ദിവസവും നല്‍കുന്ന ഊണിന്റെ വിശദാംശങ്ങള്‍ കുടുംബശ്രീ വെബ്‌സൈറ്റ് വഴി ലഭ്യമാകും. ഇതുകൂടാതെ ജനകീയ ഹോട്ടലുകളിലെ സ്റ്റോക്ക് രജിസ്റ്റര്‍ അക്കൗണ്ട് പ്രവര്‍ത്തനങ്ങളും ഇതില്‍ രേഖപ്പെടുത്താം. ജനകീയ ഹോട്ടല്‍ സംരംഭകര്‍ക്ക് സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കും.

വിവിധ ജനകീയ ഹോട്ടലുകളെക്കുറിച്ചുള്ള വിശദാംശം ഉള്‍പ്പെടുന്ന ‘ഊണ് @ 20 ജനകീയ ഹോട്ടലുകള്‍’ പുസ്തകവും ചടങ്ങില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. 14 ജില്ലകളിലെ 10 ജനകീയ ഹോട്ടലുകളെക്കുറിച്ചുള്ള ലേഖനങ്ങള്‍ ഉള്‍പ്പെടെ 140 ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്ളത്. ജില്ലകളിലെ ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ അയച്ച് നല്‍കിയ ലേഖനങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയിലെ ആളൂര്‍ ജനകീയ ഹോട്ടല്‍, മെഡിക്കല്‍ കോളേജിലേക്ക് ഭക്ഷണമെത്തിക്കുന്ന വടക്കാഞ്ചേരിയിലെ ഹോട്ടല്‍, എടത്തിരുത്തി ജനകീയ ഹോട്ടല്‍ ഇരിഞ്ഞാലക്കുട അക്ഷയദീപം, കാട്ടൂരിലെ ത്രിവേണി തുടങ്ങിയ ജനകീയ ഹോട്ടലുകളാണ് പുസ്തകത്തില്‍ ഇടം നേടിയത്.

ഫോട്ടോഗ്രാഫിയില്‍ താല്‍പ്പര്യമുള്ള വ്യക്തികളുടെ സര്‍ഗാത്മക ശേഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ കുടുംബശ്രീ ഒരു നേര്‍ചിത്രം മത്സരത്തില്‍ വിജയികള്‍ക്കുള്ള സമ്മാനദാനവും മന്ത്രി നിര്‍വഹിച്ചു. ടി ജെ വര്‍ഗീസ്, പി പി സതീഷ്, ദിനേഷ് ഇന്‍സൈറ്റ് എന്നിവര്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടി. യഥാക്രമം 20,000,10,000,5,000 രൂപ വീതം ക്യാഷ് പ്രൈസും, ട്രോഫിയും സര്‍ട്ടിഫിക്കേറ്റും വിജയികള്‍ മന്ത്രിയില്‍ നിന്നും ഏറ്റുവാങ്ങി.കൂടാതെ 10 പേര്‍ക്ക് 1000 രൂപ വീതം പ്രോത്സാഹന സമ്മാനവും നല്‍കി. കുടുംബശ്രീ ഡയറക്ടര്‍ ആശ വര്‍ഗീസ്, ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍, എ ഡി സി കെ രാധാകൃഷ്ണന്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!